ലണ്ടൻ: വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ സുപ്രധാന വാർത്താവിനിമയ കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും സമീപം റഷ്യൻ അന്തർവാഹിനികൾ സംശയാസ്പദമായ രീതിയിൽ എത്തിയതിനെത്തുടർന്ന് യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ച് യു.കെ.യും നോർവേയും. ഒരു മാസത്തോളം നീണ്ടുനിന്ന അതീവ ജാഗ്രതാ ദൗത്യത്തിന് ശേഷമാണ് റഷ്യൻ അന്തർവാഹിനികൾ മേഖലയിൽ നിന്ന് പിൻവാങ്ങിയതെന്ന് യു.കെ. സൈന്യം അറിയിച്ചു.(UK and Norway follow Russian submarines, Allies strengthen undersea security)
കടലിനടിയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഭീഷണിയുയർത്തുന്ന നീക്കങ്ങളാണ് റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് യു.കെ. പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. റഷ്യയുടെ മൂന്ന് അന്തർവാഹിനികളാണ് ഈ നീക്കത്തിൽ പങ്കെടുത്തത്. യു.കെ.ക്കും സഖ്യകക്ഷികൾക്കും നിലവിലുള്ള ഏറ്റവും വലിയ ഭീഷണി റഷ്യയാണ്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളിൽ ലോകം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ റഷ്യയിൽ നിന്നുള്ള ശ്രദ്ധ മാറണമെന്ന് വ്ളാദിമിർ പുതിൻ ആഗ്രഹിക്കുന്നു. എന്നാൽ ഞങ്ങൾ റഷ്യയെ നിരീക്ഷിക്കുന്നത് തുടരും. സമുദ്രത്തിനടിയിലെ പൈപ്പ് ലൈനുകളും കേബിളുകളും നശിപ്പിക്കാനുള്ള ഏതൊരു ശ്രമവും തടയും. അത്തരം നീക്കങ്ങൾക്ക് ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും, ജോൺ ഹീലി പറഞ്ഞു.
റഷ്യൻ അന്തർവാഹിനികളുടെ ഓരോ നീക്കവും സംയുക്ത സൈനിക നീക്കത്തിലൂടെ നിരീക്ഷിക്കപ്പെട്ടു. തങ്ങളുടെ നീക്കങ്ങൾ രഹസ്യമല്ലെന്ന് റഷ്യയെ ബോധ്യപ്പെടുത്താൻ സഖ്യകക്ഷികൾക്ക് സാധിച്ചു. യുണൈറ്റഡ് കിംഗ്ഡം, നോർവേ എന്നീ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകളും നിരീക്ഷണ വിമാനങ്ങളും ദൗത്യത്തിൽ പങ്കാളികളായി. രാജ്യാന്തര വാർത്താവിനിമയത്തെയും ഊർജ്ജ വിതരണത്തെയും ബാധിക്കുന്ന സമുദ്രാന്തർ കേബിളുകളുടെയും പൈപ്പ് ലൈനുകളുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.

