പാലക്കാട്: ബിജെപി പ്രവർത്തകർ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി. ശോഭാ സുരേന്ദ്രനൊപ്പമെത്തിയ പ്രവർത്തക വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തര ഇടപെടൽ.(Election Flying Squad inspects Palakkad note for vote allegation, Elderly woman says no money was given)
വയോധികയുടെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്. പുറത്തുനിന്നാരും തനിക്ക് പണം നൽകിയിട്ടില്ലെന്നും ദൃശ്യങ്ങളിൽ കണ്ടത് സ്വന്തം കൈവശമുണ്ടായിരുന്ന പണമാണെന്നുമാണ് വയോധിക ഉദ്യോഗസ്ഥരോട് പറഞ്ഞത്. കുടുംബവും ഈ മൊഴി ശരിവെച്ചു.
തങ്ങളോട് പണം വാങ്ങിയിട്ടില്ലെന്നാണ് അവർ മൊഴി നൽകിയതെന്ന് ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും അവർ കൂട്ടിച്ചേർത്തു. പ്രാഥമിക പരിശോധനയുടെ റിപ്പോർട്ട് ഫ്ലയിങ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും ജില്ലാ കളക്ടർക്ക് സമർപ്പിക്കും. ഇതിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തുടർ നടപടികൾ.

