ന്യൂഡൽഹി: പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാളാണെന്ന കാരണം കൊണ്ടുമാത്രം ഒരു ഉദ്യോഗാർത്ഥിക്ക് അനുകൂലമായി നിയമന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി. പൊതുനിയമനങ്ങളിൽ സഹതാപത്തിനോ സാമൂഹിക പശ്ചാത്തലത്തിനോ സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി. എല്ലാ ഉദ്യോഗാർത്ഥികൾക്കും തുല്യ അവസരം ഉറപ്പാക്കണമെങ്കിൽ ഇത്തരം കാര്യങ്ങളിൽ ദയയോ ദാനധർമ്മമോ പാടില്ലെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഡൽഹി പോലീസിൽ കോൺസ്റ്റബിൾ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഈ പരാമർശം. 2024 ജനുവരിയിൽ നടന്ന ശാരീരികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാതിരുന്ന ഒരു ഉദ്യോഗാർത്ഥിക്ക് രണ്ടാമതൊരു അവസരം നൽകണമെന്ന സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെയും ഡൽഹി ഹൈക്കോടതിയുടെയും ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
പരീക്ഷാ ദിവസം തനിക്ക് അസുഖമായിരുന്നുവെന്നും അതിനാൽ മറ്റൊരു ദിവസം പരീക്ഷ നടത്തണമെന്നുമായിരുന്നു ഉദ്യോഗാർത്ഥിയുടെ ആവശ്യം. ഇതിനെത്തുടർന്നാണ് മറ്റൊരു ബാച്ചിനൊപ്പം പരീക്ഷ എഴുതാൻ അനുമതി നൽകിക്കൊണ്ട് ട്രിബ്യൂണലും 2025 സെപ്റ്റംബറിൽ ഹൈക്കോടതിയും ഉത്തരവിട്ടത്. ഈ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഉത്തരവാദിത്തമില്ലായ്മയുടെ ഉത്തമ ഉദാഹരണമാണിതെന്നും വിലപ്പെട്ട ഒരു അവസരം ഉദ്യോഗാർത്ഥി തന്നെ ഇല്ലാതാക്കിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഏകദേശം ഒരു ലക്ഷത്തോളം പേർ പങ്കെടുത്ത പരീക്ഷയിൽ ഒരാൾക്ക് വേണ്ടി മാത്രം നിയമങ്ങളിൽ ഇളവ് വരുത്തുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ബാധിക്കും. അപൂർവ്വമായി ലഭിക്കുന്ന അവസരങ്ങൾ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് വേണ്ടത്. പരീക്ഷാ കേന്ദ്രത്തിൽ എത്തി സാഹചര്യം വിശദീകരിക്കുന്നതിന് പകരം പരീക്ഷയ്ക്ക് ഹാജരാകാതിരുന്നത് ഉദ്യോഗാർത്ഥിയുടെ താല്പര്യക്കുറവിനെയാണ് കാണിക്കുന്നത്. പരീക്ഷാ തീയതി മാറ്റി നിശ്ചയിക്കാൻ ഉദ്യോഗാർത്ഥിക്ക് നിയമപരമായ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. പരസ്യപ്പെടുത്തിയ നിബന്ധനകൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമേ പൊതുനിയമനങ്ങൾ നടത്താവൂ എന്ന് സുപ്രീം കോടതി ആവർത്തിച്ചു.

