ഗുരുഗ്രാം: മുപ്പത്തിയഞ്ചുകാരനായ ഫാം ഹൗസ് ഉടമയെ അരിവാൾ കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കെയർ ടേക്കറെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ ഖേംചന്ദ് (65) ആണ് പിടിയിലായത് (Farmhouse Owner Murder). ചൊവ്വാഴ്ച ഡൽഹിയിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.
സോഹ്‌ന മേഖലയിലെ ഹർചന്ദ്പൂർ ഗ്രാമത്തിന് സമീപമുള്ള ഫാം ഹൗസ് ഉടമ രാഹുൽ കുമാർ ആണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 5-ന് രാത്രിയായിരുന്നു കൊലപാതകം. രാഹുൽ തന്നെ ഇടയ്ക്കിടെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും ആ പകയാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. ഞായറാഴ്ച ഫാം ഹൗസിലേക്ക് പോയ രാഹുൽ തിരിച്ചെത്താത്തതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി ബന്ധുക്കൾ അവിടെ എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ കെയർ ടേക്കറെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഡൽഹിയിൽ ഉണ്ടെന്ന് കണ്ടെത്തിയത്. കഴിഞ്ഞ 20 വർഷമായി ഫാം ഹൗസ് നടത്തിവരികയായിരുന്നു രാഹുൽ കുമാർ. പ്രതി ഒന്നര വർഷം മുൻപ് ഇവിടെ നിന്ന് ജോലി ഉപേക്ഷിച്ചു പോയിരുന്നെങ്കിലും രണ്ട് മാസം മുൻപാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. ഗുരുഗ്രാം പോലീസിന്റെ ക്രൈം യൂണിറ്റ് പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
Summary: Delhi police on Tuesday arrested a 65-year-old caretaker, Khemchand, for allegedly murdering his 35-year-old farmhouse owner, Rahul Kumar, with a sickle. The incident took place on the night of April 5 near Sohna, Gurugram. During interrogation, the accused confessed to the crime, stating that he killed Rahul due to a grudge over occasional physical assaults by the victim. Rahul’s body was discovered by his family in a pool of blood on Monday night, leading to the caretaker’s arrest in Delhi.

