തിരുവനന്തപുരം: വീട്ടുകാർ അറിയാതെ കിടപ്പുമുറിയിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിനെതിരെ പോലീസ് കേസെടുത്തു. പ്രസവവിവരം പുറത്തറിയാതിരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.(Gave birth in the bedroom and suffocated the Newborn baby to death, Case against the mother)
ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. രണ്ടാമതും ഗർഭിണിയായ വിവരം യുവതി വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഈസ്റ്റർ ദിനത്തിലെ ജോലികൾ കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ്, ഭാര്യ കിടപ്പുമുറിയിൽ രക്തം വാർന്ന നിലയിൽ കിടക്കുന്നത് കണ്ടു. കടുത്ത വയറുവേദനയാണെന്നാണ് ഇവർ ഭർത്താവിനോട് പറഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോകാനായി ഓട്ടോറിക്ഷയുമായി എത്തുകയും സഹോദരിയുടെ സഹായത്തോടെ ഇവരെ വാഹനത്തിൽ കയറ്റുകയും ചെയ്തു.
തുടർന്ന് തുണിയെടുക്കാനായി മുറിയിൽ തിരികെയെത്തിയപ്പോഴാണ് കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാതശിശുവിനെ കണ്ടെത്തിയത്. ഉടൻ തന്നെ കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിന്റെ കഴുത്തിൽ മുറിവുകൾ കണ്ടതിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

