തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക് പോൾ പ്രീ-പോൾ സർവേ ഫലം. യുഡിഎഫിന് ഭരിക്കാനാവശ്യമായ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.(Lok poll survey predicts UDF will form government in Kerala, Prediction is 77 to 81 seats
ലോക്പോൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം മുന്നണികളുടെ ഏകദേശ സീറ്റ് നില യുഡിഎഫ്: 77 മുതൽ 81 സീറ്റുകൾ വരെ, എൽഡിഎഫ്: 58 മുതൽ 62 സീറ്റുകൾ വരെ, എൻഡിഎ: 01 മുതൽ 02 സീറ്റുകൾ വരെ എന്നിങ്ങനെയാണ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും യുഡിഎഫിന് ശക്തമായ മേൽക്കൈ ലഭിക്കുമെന്ന് സർവേ വ്യക്തമാക്കുന്നു. അതേസമയം, തെക്കൻ കേരളത്തിൽ എൽഡിഎഫിനാണ് മുൻതൂക്കം. എൻഡിഎയ്ക്ക് വിജയസാധ്യതയുള്ള രണ്ട് സീറ്റുകളും തെക്കൻ കേരളത്തിലാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
എൽഡിഎഫ് സർക്കാരിന്റെ വിശ്വാസ്യതയെ ശബരിമല സ്വർണ്ണക്കൊള്ള കേസ് കാര്യമായി ബാധിച്ചുവെന്ന് സർവേ നിരീക്ഷിക്കുന്നു. ഈ വിവാദം വോട്ടർമാരുടെ തീരുമാനങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയതായാണ് കണ്ടെത്തൽ. മാർച്ച് 16 മുതൽ 31 വരെ കേരളത്തിലുടനീളം 36,400 പേരിൽ നിന്ന് നേരിട്ട് ശേഖരിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഫലം പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ചതിലൂടെ ശ്രദ്ധേയമായ ഏജൻസിയാണ് ലോക്പോൾ. ഈ പ്രവചനം കൂടി പുറത്തുവന്നതോടെ കേരളത്തിലെ രാഷ്ട്രീയ ചിത്രം കൂടുതൽ ചർച്ചയാവുകയാണ്.

