കണ്ണൂർ: പയ്യന്നൂരിൽ ലഹരിമാഫിയക്കെതിരെ പോലീസ് നടത്തിവരുന്ന ശക്തമായ പരിശോധനയായ ‘ഓപ്പറേഷൻ തൂഫാൻ’ (astrologer arrested with ganja) പദ്ധതിയുടെ ഭാഗമായി കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിലായി. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം ജ്യോതിഷാലയം നടത്തിവരുന്ന പെരുകമന ഇല്ലം ഭാരവാഹിയായ കാങ്കോൽ വടശ്ശേരി ശ്രീനാഥ് (40) ആണ് പോലീസിന്റെ പിടിയിലായത്.
പ്രതിയുടെ പയ്യന്നൂരിലെ ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ അപ്രതീക്ഷിത പരിശോധന. ജ്യോതിഷാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമർ അലമാരയിൽ പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പരിശോധനയിൽ ഇവിടെ നിന്നും 5.77 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.
ബുധനാഴ്ച വൈകിട്ടോടെ പയ്യന്നൂർ സബ് ഇൻസ്പെക്ടർ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കണ്ണൂർ ജില്ലാ ഡാൻസാഫ് (DANSAF) ടീമും സംയുക്തമായാണ് ഈ റെയ്ഡ് നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും ഇയാൾക്ക് മറ്റ് ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
Story Summary: A 40-year-old astrologer, Sreenath from Kangol, was arrested with 5.77 grams of ganja from his astrology center near the old bus stand in Payyannur. The arrest was made during a joint raid by the Payyannur Police and the DANSAF team as part of ‘Operation Toofan’.

