മലപ്പുറം: നിലമ്പൂർ വണ്ടൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് കയ്യേറ്റ ശ്രമം. വണ്ടൂർ ചെള്ളിത്തോട് വെച്ച് ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. തരൂരിന്റെ ഗൺമാന് പരിക്കേറ്റു. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത വണ്ടൂർ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.(Attempt to stop Shashi Tharoor MP’s car and attack in Malappuram, Gunman injured)
ഗതാഗതക്കുരുക്കിനിടെ എംപിയുടെ കാർ ഡ്രൈവർ ഹോണടിച്ചതാണ് അക്രമിസംഘത്തെ പ്രകോപിപ്പിച്ചത്. ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞുനിർത്തി അസഭ്യം പറയുകയായിരുന്നു. തുടർന്ന് തരൂരിന്റെ കാറിനെ പിന്തുടർന്നെത്തിയ സംഘം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
ഗൺമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. മുഖ്യപ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

