വാറങ്കൽ: തെലങ്കാനയിലെ വാറങ്കലിൽ യുവതിയെയും രണ്ട് പെൺമക്കളെയും സ്വിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി (Woman Daughters Drown Warangal). വാറങ്കൽ-ഖമ്മം ദേശീയപാതയ്ക്ക് സമീപം സ്വന്തമായി സ്വിമ്മിംഗ് പൂൾ നടത്തുന്ന കുടുംബത്തിലെ ഫർഹത്ത് (26), മക്കളായ ഉമേര (8), ആയിഷ (6) എന്നിവരാണ് മരിച്ചത്. അപകടമാണെന്ന് ഭർത്താവ് അവകാശപ്പെടുമ്പോഴും സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ പിതാവ് രംഗത്തെത്തി.
ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. പൂളിന് സമീപം പോയ മൂവരും അബദ്ധത്തിൽ കാൽ വഴുതി വെള്ളത്തിൽ വീണതാണെന്നാണ് ഭർത്താവ് അസ്ഹറുദ്ദീൻ പോലീസിനോട് പറഞ്ഞത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ഇവരെ വാറങ്കലിലെ എംജിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. എന്നാൽ, ഇത് കേവലം ഒരു അപകടമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും ഫർഹത്തിന്റെ പിതാവ് അലി ആരോപിക്കുന്നു.
ഫർഹത്ത് നിലവിൽ ഗർഭിണിയായിരുന്നുവെന്നും വീണ്ടും പെൺകുഞ്ഞ് ജനിക്കുന്നതിനോട് അസ്ഹറുദ്ദീന് താല്പര്യമില്ലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഗർഭച്ഛിദ്രം നടത്താൻ ഇയാൾ ഫർഹത്തിന് മേൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായും ഇതുമായി ബന്ധപ്പെട്ട് കുടുംബത്തിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അസ്ഹറുദ്ദീനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് എസ്ഐ ശ്രീനിവാസ് അറിയിച്ചു. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ശാസ്ത്രീയ തെളിവുകൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
Summary: A 26-year-old woman, Farhat, and her two young daughters were found dead in their family-owned swimming pool in Warangal, Telangana. While her husband, Azharuddin, claimed they accidentally slipped and drowned, Farhat’s father filed a police complaint alleging foul play. The family claimed Azharuddin had been pressuring Farhat to abort her current pregnancy as he did not want another girl child. Police have registered a case and are investigating all angles, including the allegations of domestic harassment.

