കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ധർമ്മടത്ത് എത്തുന്നതോടെ മണ്ഡലം ആവേശക്കടലായി മാറും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിലൊന്ന് നൽകി മുഖ്യമന്ത്രിയെ തുണച്ച മണ്ഡലത്തിൽ ഇത്തവണയും വോട്ട് വിഹിതം വർദ്ധിപ്പിക്കാനാണ് ഇടതുമുന്നണിയുടെ നീക്കം.(The battle is intensifying in Dharmadom, Chief Minister to visit the constituency today)
മുഖ്യമന്ത്രിയുടെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണം. മുഖ്യമന്ത്രി മണ്ഡലത്തിന് പുറത്തായിരുന്നപ്പോൾ പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ് വോട്ട് തേടിയത്. അദ്ദേഹം നേരിട്ടെത്തുന്നതോടെ പ്രചാരണത്തിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന് പാർട്ടി കരുതുന്നു.
യുവനേതാവ് അബ്ദുൾ റഷീദ് ആണ് കോൺഗ്രസ് സ്ഥാനാർത്ഥി. തളിപ്പറമ്പിൽ എൽഡിഎഫ് ഭൂരിപക്ഷം പകുതിയായി കുറച്ച ആത്മവിശ്വാസത്തിലാണ് റഷീദ് മുഖ്യമന്ത്രിയെ നേരിടുന്നത്. കെ. രഞ്ജിത്ത് ആണ് എൻഡിഎ സ്ഥാനാർത്ഥി. സുരേഷ് ഗോപി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ റോഡ് ഷോയുമായി എത്തുന്നതോടെ മണ്ഡലത്തിലെ ബിജെപി വോട്ടുകൾ ഗണ്യമായി വർദ്ധിപ്പിക്കാമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു.

