വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കൻ സൈന്യം വിജയം കൈവരിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ ലക്ഷ്യം കണ്ടുവെന്നും ഇറാന്റെ സൈനിക ശേഷി തകർന്നടിഞ്ഞുവെന്നും ട്രംപ് പ്രഖ്യാപിച്ചത്.(Trump says Iran war objectives ‘nearing completion, and addresses the nation)
ഇറാന്റെ വ്യോമസേനയും നാവികസേനയും പൂർണ്ണമായും നിഷ്ക്രിയമായി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കമാൻഡ് ഘടനയും നേതൃത്വവും ഇല്ലാതായതായി ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ-ഡ്രോൺ നിർമ്മാണ ശാലകളും തകർത്തു. ഇനി ഇറാൻ നടത്തുന്ന ഏത് നീക്കവും മുൻകൂട്ടി അറിയാനും തകർക്കാനും അമേരിക്കയ്ക്ക് കഴിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ആവശ്യമുള്ള രാജ്യങ്ങൾ അതിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കണമെന്ന് ട്രംപ് പറഞ്ഞു. അല്ലാത്തപക്ഷം രാജ്യങ്ങൾ അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ ഭരണകൂട മാറ്റം അമേരിക്കയുടെ നേരിട്ടുള്ള ലക്ഷ്യമല്ലെങ്കിലും, നിലവിലെ സാഹചര്യം അതിലേക്ക് നയിക്കുമെന്ന് ട്രംപ് സൂചിപ്പിച്ചു.
വിജയം അവകാശപ്പെടുമ്പോഴും യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വരും ആഴ്ചകളിൽ സൈനിക നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും ശേഷിക്കുന്ന ആയുധ ശേഖരങ്ങൾ കൂടി തകർത്ത് ദൗത്യം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മിഡിൽ ഈസ്റ്റിൽ ഇറാൻ ഉയർത്തിയിരുന്ന ഭീഷണി അവസാനിച്ചതായാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ സമാധാന സന്ദേശവുമായി അമേരിക്കൻ ജനതയ്ക്ക് കത്തെഴുതിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ കടന്നാക്രമണം എന്നതും ശ്രദ്ധേയമാണ്.
ഇറാനെതിരെ അതിരൂക്ഷമായ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അംഗീകരിച്ച് കരാറിലെത്താൻ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ ‘ശിലായുഗത്തിലേക്ക്’ തള്ളിക്കളയുന്ന രീതിയിലുള്ള സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ മുഴുവൻ വൈദ്യുതി ഉൽപ്പാദന നിലയങ്ങളെയും ഒരേസമയം ആക്രമിച്ച് തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. വരും ആഴ്ചകളിൽ ഉടമ്പടി ഉണ്ടായില്ലെങ്കിൽ ഇറാന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന രീതിയിൽ ഗ്രിഡുകൾ തകർക്കും.
ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ തകർക്കുന്നത് എളുപ്പമാണെങ്കിലും ഇതുവരെ അവയെ സ്പർശിച്ചിട്ടില്ല. എന്നാൽ വഴങ്ങിയില്ലെങ്കിൽ ഈ കേന്ദ്രങ്ങളും ആക്രമിക്കപ്പെടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഇറാന്റെ നാവികസേനാ ശേഷി പൂർണ്ണമായും തകർത്തുവെന്നും വ്യോമസേനയെ നിഷ്ക്രിയമാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും പ്രതിരോധ ഫാക്ടറികളും ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു. ഇറാനെ ആണവായുധങ്ങളുടെ കാര്യത്തിൽ ഒരിക്കലും വിശ്വസിക്കാനാവില്ലെന്നും തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോട് അമേരിക്ക വളരെ അടുത്തെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തെത്തുടർന്ന് അമേരിക്കയിൽ ഗ്യാസോലിൻ വിലയിലുണ്ടായ വർധനവ് താൽക്കാലിക പ്രതിഭാസം മാത്രമാണെന്ന് ട്രംപ് നിരീക്ഷിച്ചു. ബാക്കിയുള്ള സൈനിക നടപടികൾ കൂടി വേഗത്തിൽ പൂർത്തിയാക്കി ഇറാനെ പൂർണ്ണമായും വരുതിയിലാക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.

