ടെഹ്‌റാൻ: ഇറാനിലെ പ്രമുഖ മരുന്ന് നിർമ്മാണ ശാലയായ ‘തൗഫീഖ് ദാരു’വിന് നേരെ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. അതിശക്തമായ സിന്തറ്റിക് ഒപ്പിയോയിഡ് ആയ ‘ഫെന്റാനിൽ’ ഉപയോഗിച്ച് ഇറാൻ രാസായുധങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് പുലർച്ചെ ഈ നീക്കമുണ്ടായത്.(Israel attacks major pharmaceutical factory in Iran, Alleges it is a chemical weapons manufacturing center)
ഇറാൻ തങ്ങളുടെ രാസായുധ പദ്ധതിക്കായി ഫെന്റാനിൽ ഉൽപ്പാദിപ്പിക്കുന്നത് ഈ ഫാക്ടറിയിലാണെന്ന് ഇസ്രായേൽ ആരോപിക്കുന്നു. ടെഹ്‌റാനിലെ അതീവ ഗവേഷണ സ്ഥാപനമായ എസ്.പി.എൻ.ഡിയ്ക്ക് ഈ മരുന്ന് എത്തിച്ചുനൽകുന്നത് തൗഫീഖ് ദാരു ആണെന്നാണ് ഇസ്രായേലിന്റെ വാദം. ന്യൂക്ലിയർ സ്‌ഫോടകവസ്തുക്കളും മറ്റ് മാരകായുധങ്ങളും വികസിപ്പിക്കാൻ ഈ സ്ഥാപനം ശ്രമിക്കുന്നതായി അമേരിക്കയും നേരത്തെ ആരോപിച്ചിരുന്നു.
ആക്രമണം നടന്ന വിവരം ഇറാൻ സ്ഥിരീകരിച്ചെങ്കിലും, ആശുപത്രികളിൽ ശസ്ത്രക്രിയകൾക്കും മറ്റും ഉപയോഗിക്കുന്ന മരുന്നുകൾ മാത്രമാണ് ഇവിടെ നിർമ്മിക്കുന്നതെന്ന് അവർ വ്യക്തമാക്കി. ഇസ്രായേലിലെ യുദ്ധക്കുറ്റവാളികൾ ഇപ്പോൾ ലജ്ജയില്ലാതെ മരുന്ന് കമ്പനികൾക്ക് നേരെ ബോംബെറിയുകയാണ്, ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എക്സിൽ കുറിച്ചു.

