തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിൽ 1977 മുതൽ വിജയിച്ച എംഎൽഎമാരുടെ പട്ടിക നിരത്തി ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ ഉയർത്തിയ ഫ്ലക്സ് ബോർഡുകൾ വിവാദമാകുന്നു. ചാവക്കാട് ഉയർത്തിയ ഈ ഫ്ലക്സിലൂടെ വോട്ടർമാർക്കിടയിൽ വർഗ്ഗീയ വേർതിരിവുണ്ടാക്കാൻ ശ്രമിക്കുന്നു എന്നാണ് എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ പ്രധാന ആരോപണം.(B Gopalakrishnan with controversial flex board in Guruvayur, LDF and UDF criticizes )
1977 മുതൽ 2021 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎമാരുടെ പേരുകൾ പ്രദർശിപ്പിച്ചാണ് ഗോപാലകൃഷ്ണൻ പ്രചാരണം നടത്തുന്നത്. മാറ്റം ആവശ്യപ്പെട്ടുകൊണ്ടാണ് ഈ നീക്കമെങ്കിലും, ഇത് മതപരമായ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് എതിരാളികൾ ആരോപിക്കുന്നു.
താൻ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും കേസ് വരുന്നതിനെ ഭയമില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. മണ്ഡലത്തിലെ രാഷ്ട്രീയ മാറ്റത്തിനായാണ് പട്ടിക നിരത്തിയതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഗുരുവായൂരിലെ ജനങ്ങൾ ജാതിയല്ല ചോദിക്കുന്നത്, മറിച്ച് ഗ്യാസാണ് എന്ന് എൽ ഡി എഫ് പറഞ്ഞു. ഗോപാലകൃഷ്ണന്റെ നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി വ്യക്തമാക്കി.

