ഇടുക്കി: ജനനിബിഡമായ മറയൂർ ടൗണിലും കുമ്മിട്ടാംകുഴി ഉന്നതി മേഖലയിലും കാട്ടുപോത്ത് ഇറങ്ങി വ്യാപക അക്രമം അഴിച്ചുവിട്ടു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. പഞ്ചായത്ത് ഓഫീസിനുള്ളിൽ കയറി നാശനഷ്ടങ്ങൾ വരുത്തിയ മൃഗം ഒന്നരമണിക്കൂറോളം പ്രദേശത്തെ ഭീതിയിലാഴ്ത്തി.(Bison spreads fear in Marayoor, 2 women injured; Panchayat office attacked)
ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് വനമേഖലയിൽ നിന്ന് കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങിയത്. കുമ്മിട്ടാംകുഴി ഉന്നതി സ്വദേശികളായ കാമാക്ഷി ചൊക്കൻ (65), സെൽവി രാമു (38) എന്നിവർക്കാണ് പരിക്കേറ്റത്. കൂലിപ്പണിക്ക് പോകാനായി വീടിന് പുറത്തിറങ്ങിയ ഇവരെ പാഞ്ഞുവന്ന കാട്ടുപോത്ത് കുത്തിവീഴ്ത്തുകയായിരുന്നു. കാമാക്ഷിയുടെ തലയ്ക്കും കാലിനും സെൽവിയുടെ കാലിനുമാണ് പരിക്ക്.
ഉന്നതിയിലെ രണ്ട് വീടുകൾ ഭാഗികമായി തകർത്തു. ഉന്നതിയിലെ ആക്രമണത്തിന് ശേഷം ടൗണിലെത്തിയ കാട്ടുപോത്ത് മറയൂർ പഞ്ചായത്ത് ഓഫീസിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറി. ഓഫീസിനുള്ളിലെത്തിയ മൃഗം സെക്രട്ടറിയുടെ കാബിനിൽ കുടുങ്ങി. വനംവകുപ്പിന്റെ ആർ.ആർ.ടി സംഘം സ്ഥലത്തെത്തി. കയറുകെട്ടി വാതിൽ തുറന്നാണ് കാട്ടുപോത്തിനെ ഓഫീസിന് പുറത്തിറക്കിയത്.

