കൊച്ചി: സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളിൽ (PACS) ഏകീകൃത സോഫ്റ്റ്വെയർ നടപ്പാക്കുന്നതിനുള്ള വിവാദമായ ടെൻഡർ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു (Kerala High Court). ടെൻഡർ രേഖകളിൽ ദുരൂഹതയുണ്ടെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. സർക്കാരിന്റെ വാദങ്ങൾ പ്രഥമദൃഷ്ട്യാ തള്ളിയ കോടതി, വിഷയത്തിൽ സഹകരണ വകുപ്പിനോട് വിശദീകരണം തേടി.
ടാറ്റ കൺസൾട്ടൻസി സർവീസസിന് (TCS) 206 കോടി രൂപയ്ക്ക് നൽകാനിരുന്ന കരാർ റദ്ദാക്കി, നിബന്ധനകളിൽ മാറ്റം വരുത്തിക്കൊണ്ട് കണ്ണൂരിലെ ദിനേശ് ബീഡി സഹകരണ സംഘത്തിന് കരാർ നൽകാൻ നീക്കം നടക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. ടെൻഡർ നടപടികളിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി ചില ഐടി കമ്പനികൾ കോടതിയെ സമീപിക്കുകയായിരുന്നു. മിറ്റ്കോ ഉൾപ്പെടെയുള്ള കമ്പനികളുടെ കുറഞ്ഞ ക്വോട്ടിനെ മറികടന്നാണ് ഉയർന്ന നിരക്കിലുള്ള കരാറിന് സർക്കാർ ശ്രമിച്ചതെന്ന് ഹർജിക്കാർ ആരോപിച്ചു.
കോടതി വിധി വന്നതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. “ഞാൻ ഉന്നയിച്ച കാര്യങ്ങൾ സത്യമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. 700 കോടിയുടെ വൻ അഴിമതിയാണ് ഇതിന് പിന്നിൽ നടക്കുന്നത്. മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം,” അദ്ദേഹം ആവശ്യപ്പെട്ടു.
Story Summary:
The Kerala High Court has stayed the tender process for implementing a unified software system in primary agricultural credit societies following allegations of a ₹700 crore scam. Justice Ziyad Rahman’s bench noted mysteries in the tender documents and sought an explanation from the government. Ramesh Chennithala, who first raised the corruption charges, welcomed the stay.

