മലപ്പുറം: വണ്ടൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.പി. അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ലീഗ് – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഉദിരംപൊയിലിൽ വെച്ചുണ്ടായ സംഘർഷത്തെത്തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ വന്ന സ്ഥാനാർഥി, മൈക്കിലൂടെ സംസാരിച്ച ശേഷം പര്യടനം തുടർന്നു. (League-Congress clash during UDF campaign in Wandoor)
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സംഘർഷത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. സംഭവം വിവാദമായതോടെ വിഷയത്തെ തണുപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രാദേശിക നേതൃത്വങ്ങൾ. സ്ഥലത്ത് വലിയ സംഘർഷം ഉണ്ടായിട്ടില്ലെന്നും സംഘാടനവുമായി ബന്ധപ്പെട്ട ചെറിയ തർക്കങ്ങൾ മാത്രമാണ് നടന്നതെന്നും ലീഗ്-കോൺഗ്രസ് നേതാക്കൾ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് എൽഡിഎഫ്. എംഎൽഎയോടുള്ള വിരോധവും പ്രാദേശികമായ എതിർപ്പുമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് ഇടതുപക്ഷ നേതാക്കൾ ആരോപിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

