വാഷിങ്ടൺ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘സിക്കഡ’ (BA.3.2) അമേരിക്കയിലെ 25-ഓളം സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ചു. 75-ലധികം ജനിതക മാറ്റങ്ങൾ സംഭവിച്ച ഈ വകഭേദം, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ശേഷിയുള്ളതാണെന്ന് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു.(New Cicada Covid-19 Variant BA.3.2 Detected In The US)
2022-ൽ കണ്ടെത്തിയ ബിഎ.3 (BA.3) എന്ന ഒമിക്രോൺ വകഭേദത്തിൽ നിന്നാണ് സിക്കഡയുടെ ഉത്ഭവം. 2024-ൽ ദക്ഷിണാഫ്രിക്കയിലെ ഒരു സാമ്പിളിലാണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സിക്കഡ എന്ന ഷഡ്പദങ്ങൾ ദീർഘകാലം മണ്ണിനടിയിൽ കഴിഞ്ഞ ശേഷം പെട്ടെന്ന് പുറത്തുവരുന്നത് പോലെ, ഈ വൈറസും മനുഷ്യശരീരത്തിലോ മൃഗങ്ങളിലോ വർഷങ്ങളോളം ഒളിച്ചിരുന്ന് പരിണമിച്ചതാകാമെന്ന നിഗമനത്തിലാണ് ഈ പേര് നൽകിയിരിക്കുന്നത്.
ശ്വസനത്തിലൂടെയും സ്രവങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. നിലവിൽ മലിനജല സാമ്പിളുകളിലും ക്ലിനിക്കൽ റിപ്പോർട്ടുകളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതരിൽ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ കഠിനമായ തൊണ്ടവേദന, പനി, ചുമ, മൂക്കൊലിപ്പ്, പേശിവേദനയും വിറയലോടു കൂടിയ വിയർപ്പും, കടുത്ത തലവേദന, ചിലരിൽ രുചിയും ഗന്ധവും നഷ്ടപ്പെടൽ എന്നിവയാണ്.
അമിതമായ ജനിതക മാറ്റങ്ങൾ സംഭവിച്ചതിനാൽ മുൻപ് ലഭിച്ച വാക്സിനേഷനിൽ നിന്നോ അണുബാധയിൽ നിന്നോ ഉള്ള പ്രതിരോധത്തെ ഒരു പരിധിവരെ മറികടക്കാൻ ഈ വൈറസിന് സാധിച്ചേക്കാം. എങ്കിലും രോഗം ഗുരുതരമാകുന്നത് തടയാൻ വാക്സിനുകൾ സഹായിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. നിലവിൽ ഈ വകഭേദം കൂടുതൽ മരണങ്ങൾക്കോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കോ കാരണമാകുന്നില്ല എന്നത് ആശ്വാസകരമാണ്. എന്നാൽ ഇതിന്റെ അതിവേഗത്തിലുള്ള വ്യാപനമാണ് ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നത്.

