ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ ഇന്ധനവില വർദ്ധനവ് തടയാനാണ് എക്സൈസ് തീരുവ വെട്ടിക്കുറച്ചതെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ഇത് സമയോചിതവും ധീരവും ദീർഘ വീക്ഷണമുള്ളതുമായ തീരുമാനം ആണെന്ന് പറഞ്ഞ അദ്ദേഹം, പ്രധാനമന്ത്രിയോട് നന്ദിയറിയിച്ചു.(Hardeep Singh Puri Thanks PM Modi For Excise Duty Cut On Petrol, Diesel)
ഒരു മാസത്തിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 122 ഡോളറിലേക്കാണ് ഉയർന്നത്. ഈ സാഹചര്യത്തിൽ കമ്പനികൾ ഇന്ധനവില കൂട്ടാതിരിക്കാനാണ് സർക്കാർ തീരുവ കുറച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
പെട്രോളിന് ലിറ്ററിന് 13 രൂപയായിരുന്ന തീരുവ 3 രൂപയായാണ് കുറച്ചത്.
ഡീസലിന് ലിറ്ററിന് 10 രൂപയായിരുന്ന തീരുവ പൂജ്യമായി മാറ്റി. തീരുവയിൽ വൻ കുറവ് വരുത്തിയെങ്കിലും പെട്രോൾ പമ്പുകളിലെ ചില്ലറ വിൽപ്പന വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് അസംസ്‌കൃത എണ്ണവില വർദ്ധിച്ചതിനാൽ എണ്ണക്കമ്പനികൾ വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. സർക്കാർ കുറച്ച തീരുവ ഈ നഷ്ടം നികത്താൻ കമ്പനികൾ ഉപയോഗിക്കും.

