വാഷിംഗ്ടൺ: ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ അവിടുത്തെ ഭരണകൂടം തന്നോട് ആവശ്യപ്പെട്ടെന്ന വിചിത്രമായ വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ചടങ്ങിലാണ് അന്താരാഷ്ട്ര നയതന്ത്ര ലോകത്തെ ഞെട്ടിച്ച ഈ അവകാശവാദം അദ്ദേഹം ഉന്നയിച്ചത്. എന്നാൽ താൻ ഈ ക്ഷണം നിരസിച്ചതായും ട്രംപ് വ്യക്തമാക്കി.(I said, ‘No, thank you’, Trump claims Iran proposed making him Supreme Leader)
കഴിഞ്ഞ മാസം യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ ഇറാനിൽ വലിയ ഭരണപ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഖമേനിയുടെ മകൻ മൊജ്തബ ഖമേനിയെ പിൻഗാമിയായി പ്രഖ്യാപിച്ചെങ്കിലും യുദ്ധം തുടങ്ങിയ ശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹം പരിക്കേറ്റ് ചികിത്സയിലാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇറാന്റെ നേതൃത്വം തന്നെ സമീപിച്ചെന്ന ട്രംപിന്റെ വാദം പുറത്തുവരുന്നത്.
ട്രംപിന്റെ അവകാശവാദങ്ങളെ ഇറാൻ പാടെ തള്ളി. അമേരിക്കയുമായി യാതൊരു ചർച്ചയും നിലവിൽ നടക്കുന്നില്ല. ട്രംപ് ചർച്ച നടത്തുന്നത് അദ്ദേഹത്തോട് തന്നെയാണോ എന്ന് ഇറാന്റെ സൈനിക വക്താവ് ഇബ്രാഹിം സോൽഫാഖാരി പരിഹസിച്ചു. ട്രംപിന്റെ പ്രസ്താവനകൾ വെറും രാഷ്ട്രീയ നാടകമാണെന്നാണ് ഇറാന്റെ നിലപാട്. യുദ്ധം അവസാനഘട്ടത്തിലാണെന്നും ഇറാൻ നേതാക്കൾ രഹസ്യമായി സമാധാനത്തിന് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെടുന്നു. എന്നാൽ അമേരിക്ക മുന്നോട്ടുവെച്ച 15 വെടിനിർത്തൽ ഉപാധികൾ തള്ളിയ ഇറാൻ, സ്വന്തമായി 5 നിബന്ധനകൾ മുന്നോട്ടുവെച്ചു.
ഹോർമുസ് കടലിടുക്കിൽ ഇറാന്റെ അധികാരം അംഗീകരിക്കുക. സൈനിക നീക്കങ്ങൾ ഉടനടി അവസാനിപ്പിക്കുക. ഭാവിയിൽ യുദ്ധമുണ്ടാകില്ലെന്ന് ഉറപ്പ് നൽകുക. യുദ്ധനഷ്ടങ്ങൾക്ക് പണം നൽകുക. സമാധാന കരാർ ലംഘിക്കില്ലെന്ന് ഉറപ്പാക്കാൻ സംവിധാനം ഏർപ്പെടുത്തുക എന്നിവയാണിവ.

