പനാജി: ഗോവയിലെ കാക്കോറയിൽ ബിജെപി കൗൺസിലറുടെ മകനായ സോഹം നായിക്കിനെ (20) ലൈംഗികാതിക്രമക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാവാത്ത നിരവധി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.(BJP councilor’s son arrested in Goa for exploiting minor girls )
സൗത്ത് ഗോവ എസ്.പിയുടെ നേതൃത്വത്തിൽ നിലവിൽ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയായ സോഹം നായിക്കിന് പുറമെ മറ്റ് ചിലരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഏകദേശം മൂന്ന് വർഷം മുൻപ് പ്രതിയും അതിജീവിതകളും കോളേജ് വിദ്യാർത്ഥികളായിരുന്ന സമയത്താണ് സംഭവങ്ങൾ നടന്നതെന്ന് പോലീസ് അറിയിച്ചു.
പ്രതിയുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഡിഐജി പറഞ്ഞു. ഭാരതീയ ന്യായ സംഹിത (BNS), ഐടി ആക്ട്, പോക്സോ (POCSO), ഗോവ ചിൽഡ്രൻസ് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതി പ്രതിയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസ് നിലവിൽ ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.
ബിജെപി നേതാവിന്റെ മകനെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 30-ഓളം പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പ്രതി ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. ബിജെപിയിൽ ഇത്തരത്തിലുള്ള എത്ര രാക്ഷസന്മാരുണ്ട്? ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്നത് സമൂഹത്തിന് അപകടകരമാണ്. പ്രതിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം എന്ന് കെജ്രിവാൾ എക്സിൽ കുറിച്ചു. ഗോവയിലെ ജനങ്ങൾ ഭയത്തിന്റെ നിഴലിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

