ഫ്ലോറിഡ: അന്തരിച്ച അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീനുമായുള്ള അസാധാരണമായ സാദൃശ്യം കാരണം സമൂഹമാധ്യമങ്ങളിൽ തരംഗമായ വ്യക്തി ഒടുവിൽ മൗനം വെടിഞ്ഞു ( Jeffrey Epstein Lookalike). സൗത്ത് ഫ്ലോറിഡയിലെ ഹൈവേയിലൂടെ കാറോടിച്ചു പോകുന്ന ഒരാളുടെ ദൃശ്യങ്ങൾ ‘എപ്സ്റ്റീൻ ഇതാ ഇവിടെയുണ്ട്’ എന്ന കുറിപ്പോടെ പ്രചരിച്ചതോടെയാണ് വൻതോതിലുള്ള ചർച്ചകൾക്ക് തുടക്കമായത്. വെളുത്ത തൊപ്പിയും കൂളിംഗ് ഗ്ലാസും ധരിച്ച് കൺവേർട്ടബിൾ കാറോടിച്ചു പോകുന്ന ഇദ്ദേഹത്തെ കണ്ടവർ എപ്സ്റ്റീൻ മരിച്ചിട്ടില്ലെന്നും രഹസ്യമായി ജീവിക്കുകയാണെന്നും വരെ വാദിച്ചു. നിമിഷങ്ങൾക്കകം ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.
തന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്ക് അറുതി വരുത്താനായി ‘പാം ബീച്ച് പീറ്റ്’ എന്നറിയപ്പെടുന്ന ഇദ്ദേഹം ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലൂടെയാണ് സത്യാവസ്ഥ വെളിപ്പെടുത്തിയത്. താൻ ജെഫ്രി എപ്സ്റ്റീനല്ലെന്നും കേവലം ഒരു ടെന്നീസ് താരം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റർസ്റ്റേറ്റ് 95 ഹൈവേയിലൂടെ ടെന്നീസ് കളിക്കാൻ പോകുന്നതിനിടെ ആരോ യാദൃശ്ചികമായി പകർത്തിയ വീഡിയോ ആണ് ഇത്രയധികം തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയത്. മുൻ ഡിവിഷൻ വൺ ടെന്നീസ് താരവും സ്വർണ്ണ മെഡൽ ജേതാവുമായ തനിക്ക് പെട്ടെന്നുണ്ടായ ഈ പ്രശസ്തി അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ വൈറലായതോടെ പൊതുസ്ഥലങ്ങളിൽ ആളുകൾ തന്നെ തിരിച്ചറിയാൻ തുടങ്ങിയെന്നും പലരും ഫോട്ടോ എടുക്കാനായി സമീപിക്കുന്നുണ്ടെന്നും പീറ്റ് വെളിപ്പെടുത്തി. റെസ്റ്റോറന്റുകളിലും ബാറുകളിലും വെച്ച് അപരിചിതർ തന്നെ എപ്സ്റ്റീൻ എന്ന് വിളിക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. എങ്കിലും ഈ സാഹചര്യം തമാശരൂപേണയാണ് താൻ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എപ്സ്റ്റീൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന തരത്തിലുള്ള ചില വിദേശ മാധ്യമങ്ങളിലെ അഭ്യൂഹങ്ങളും എപ്സ്റ്റീന്റേതെന്ന പേരിൽ പ്രചരിച്ച എഐ നിർമ്മിത ചിത്രങ്ങളും പീറ്റിന്റെ വീഡിയോയ്ക്ക് വലിയ പ്രചാരം ലഭിക്കാൻ കാരണമായി.
Summary
A Florida man named Palm Beach Pete cleared the air after a viral video mistook him for the late Jeffrey Epstein. The former tennis player stated that the footage was randomly filmed while he was driving to a match.

