പ്യോങ്യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മകൾ കിം ജൂ ആയെ സൈനിക ടാങ്ക് ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (Kim Ju Ae driving tank). വ്യാഴാഴ്ച പ്യോങ്യാങ്ങിലെ പരിശീലന കേന്ദ്രത്തിൽ നടന്ന അത്യാധുനിക ടാങ്കുകളുടെ പരീക്ഷണത്തിനിടെയാണ് 13 വയസ്സുകാരിയായ ജൂ ആയെ ടാങ്ക് ഓടിച്ചത്. ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ വെള്ളിയാഴ്ചയാണ് ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.
ഡ്രോണുകളെയും ആന്റി ടാങ്ക് മിസൈലുകളെയും പ്രതിരോധിക്കാൻ ശേഷിയുള്ള പുതിയ തരം ടാങ്കുകളുടെ ‘ഓഫൻസീവ് ടാക്റ്റിക്കൽ ഡ്രില്ലിന്റെ’ ഭാഗമായാണ് ജൂ ആയെ ടാങ്ക് നിയന്ത്രിച്ചത്. മകൾ ഏകാഗ്രതയോടെ ടാങ്ക് ഓടിക്കുമ്പോൾ കിം ജോങ് ഉൻ ടാങ്കിന്റെ മുകളിലിരുന്ന് ചിരിച്ചുകൊണ്ട് നിർദ്ദേശങ്ങൾ നൽകുന്നത് ചിത്രങ്ങളിൽ കാണാം.
ജൂ ആയെ കിം ജോങ് ഉന്നിന്റെ പിൻഗാമിയാകാനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങളെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. ഈ മാസം തന്നെ തോക്ക് ഉപയോഗിക്കുന്നതിലും മിസൈൽ വിക്ഷേപണങ്ങൾ നിരീക്ഷിക്കുന്നതിലും ജൂ ആയെ സജീവമായി പങ്കെടുത്തിരുന്നു. ദക്ഷിണ കൊറിയൻ ഇന്റലിജൻസ് ഏജൻസിയും ജൂ ആയെ പിൻഗാമി പദവിയിലേക്ക് ഉയർത്തപ്പെടുന്നതിന്റെ സൂചനകൾ നൽകിയിട്ടുണ്ട്.
സൈന്യത്തെ നവീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ കരുത്തുറ്റ ടാങ്കുകൾ ഉടൻ സൈന്യത്തിന് കൈമാറുമെന്ന് കിം ജോങ് ഉൻ പ്രഖ്യാപിച്ചു. ആയുധ പരീക്ഷണങ്ങൾ വർദ്ധിപ്പിക്കുകയും യുദ്ധസജ്ജരാകാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നതിലൂടെ കൊറിയൻ ഉപദ്വീപിൽ സംഘർഷാവസ്ഥ നിലനിൽക്കെയാണ് മകളെ സൈനിക കാര്യങ്ങളിൽ മുൻനിർത്തിയുള്ള കിമ്മിന്റെ ഈ പുതിയ നീക്കം.

