ഇന്ത്യയിലെ ഇന്ധനവില വർദ്ധനവിനെ ഹാസ്യരൂപേണ പരിഹസിച്ച് ഓസ്‌ട്രേലിയൻ വ്ലോഗർ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Aussie Bhai Andy Evans Gurugram Viral Video). ഗുരുഗ്രാമിൽ നിന്നുള്ള ആൻഡി ഇവാൻസ് എന്ന യുവാവാണ് എൽപിജി സിലിണ്ടറുകൾ കയറ്റിയ ട്രക്കിനെ “ഇന്ത്യയിലെ ഏറ്റവും വിലകൂടിയ വാഹനം” എന്ന് വിശേഷിപ്പിച്ചത്. മൂന്ന് വർഷമായി താൻ ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്നും എന്നാൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വിലപിടിപ്പുള്ള വാഹനം ഇതാണെന്നും വീഡിയോയുടെ തുടക്കത്തിൽ ഇവാൻസ് തമാശയായി പറയുന്നു.
വീഡിയോയുടെ തുടക്കത്തിൽ റോഡരികിൽ നിൽക്കുന്ന ഇവാൻസ്, താൻ ഇപ്പോൾ കാണിക്കാൻ പോകുന്ന വാഹനത്തിന്റെ അത്ര വിലയുള്ള മറ്റൊന്ന് ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന് പ്രേക്ഷകരോട് പറയുന്നു. തുടർന്ന് ക്യാമറ തിരിക്കുമ്പോൾ റോഡിലൂടെ എൽപിജി ഗ്യാസ് സിലിണ്ടറുകൾ നിറച്ച ഒരു ട്രക്ക് പോകുന്നതാണ് കാണുന്നത്. ഇതോടെയാണ് വീഡിയോയുടെ ‘ട്വിസ്റ്റ്’ കാണികൾക്ക് മനസ്സിലായത്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഗ്യാസ് സിലിണ്ടറുകളുടെ വിലവർദ്ധനവിനെ ഇത്ര മനോഹരമായി ആർക്കും കളിയാക്കാൻ കഴിയില്ലെന്നാണ് വീഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നത്.
ഇന്ത്യൻ വികാരങ്ങൾ കൃത്യമായി മനസ്സിലാക്കുന്ന ഇവാൻസ് സോഷ്യൽ മീഡിയയിൽ “ഓസി ഭായി” (Aussie Bhai) എന്നാണ് അറിയപ്പെടുന്നത്. വീഡിയോ വൈറലായതോടെ, “ഈ ഡ്രൈവർക്ക് ഇസഡ് കാറ്റഗറി സുരക്ഷ നൽകണം” എന്നും “ഇന്ത്യൻ മാതാപിതാക്കൾ ആഗ്രഹിക്കുന്ന സ്വപ്ന മരുമകൻ ഇയാളായിരിക്കും” എന്നും തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഇന്ത്യക്കാർക്ക് ഏത് കാര്യത്തിനും സഹായത്തിനായി ഓരോ ‘ഭായിമാരെ’ അറിയാം എന്നതിനെക്കുറിച്ച് കഴിഞ്ഞ നവംബറിൽ ഇവാൻസ് പങ്കുവെച്ച വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
View this post on Instagram

