ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിലുള്ള ഹോബാർട്ട് വിമാനത്താവളത്തിലെ ഗിഫ്റ്റ് ഷോപ്പിൽ നിന്നുള്ള രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് (Wild Possum Hobart Airport Gift Shop). കടയിലെ ഷെൽഫിൽ നിരത്തിവെച്ചിരുന്ന മൃഗങ്ങളുടെ രൂപത്തിലുള്ള പാവകൾക്കിടയിൽ അനങ്ങാതെ ഇരിക്കുന്ന ഒരു യഥാർത്ഥ പോസത്തെ കണ്ട് ജീവനക്കാർ അമ്പരന്നു. പാവകൾക്കിടയിൽ ഒളിച്ചിരുന്ന് താനും ഒരു പാവയാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഈ കുസൃതിക്കാരന്റെ ശ്രമം. ബുധനാഴ്ച രാവിലെ 11.45 ഓടെയാണ് ജീവനക്കാരുടെ ശ്രദ്ധയിൽ ഈ അതിഥി പെട്ടത്.
ആദ്യം ഷെൽഫിൽ ശാന്തനായി ഇരുന്നിരുന്ന പോസം പിന്നീട് കടയിൽ നിന്ന് പുറത്തിറങ്ങി ഡിപ്പാർച്ചർ ലോഞ്ചിലേക്ക് നടന്നതോടെ വിമാനത്താവളത്തിൽ ചെറിയ രീതിയിലുള്ള ബഹളമുണ്ടായി. യാത്രക്കാർ കൗതുകത്തോടെ തടിച്ചുകൂടുകയും വീഡിയോ പകർത്താൻ തുടങ്ങുകയും ചെയ്തതോടെ ജീവനക്കാർക്ക് ഇടപെടേണ്ടി വന്നു. യാത്രക്കാർക്കോ പോസത്തിനോ പരിക്കേൽക്കാതെ അതിനെ സുരക്ഷിതമായി വിമാനത്താവളത്തിന് പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു.
ഹോബാർട്ട് എയർപോർട്ട് തന്നെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. “നിങ്ങൾക്ക് ഇടയിലെ കള്ളനെ കണ്ടെത്താമോ?” എന്ന അടിക്കുറിപ്പോടെയാണ് വിമാനത്താവളം വീഡിയോ പങ്കുവെച്ചത്. പാവകൾക്കിടയിൽ നിന്ന് പോസത്തെ മാറ്റിയ ശേഷം ആ പ്രദേശം വൃത്തിയാക്കിയതായും അധികൃതർ വ്യക്തമാക്കി. ഓസ്‌ട്രേലിയയിൽ വന്യജീവികൾ കെട്ടിടങ്ങളിൽ പ്രവേശിക്കുന്നത് സാധാരണമാണെങ്കിലും, വിമാനത്താവളത്തിലെ പാവകൾക്കിടയിൽ ഒളിച്ചിരിക്കാനുള്ള പോസത്തിന്റെ ബുദ്ധി സോഷ്യൽ മീഡിയയെ ശരിക്കും ചിരിപ്പിച്ചു.
View this post on Instagram

