വാഷിംഗ്ടൺ: ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങൾക്കെതിരെ അതിശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തറിന് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ തുടരുകയാണെങ്കിൽ, ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടമായ ഇറാന്റെ ‘സൗത്ത് പാഴ്‌സ്’ പൂർണ്ണമായും തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. (US will hit Iran gas field if Qatar sites struck again, says Trump)
ഇറാന്റെ പ്രധാന സാമ്പത്തിക സ്രോതസ്സിനെ നേരിട്ട് ലക്ഷ്യം വെക്കുമെന്ന ട്രംപിന്റെ പ്രസ്താവന മേഖലയിലെ സംഘർഷം പുതിയ തലത്തിലെത്തിച്ചിരിക്കുകയാണ്. ഇറാന്റെ സാമ്പത്തിക നട്ടെല്ലായ സൗത്ത് പാഴ്‌സ് വാതകപ്പാടത്തിന് നേരെ ഇസ്രയേൽ ഇനി ആക്രമണം നടത്തില്ലെന്ന് ട്രംപ് അറിയിച്ചു. എന്നാൽ ഖത്തറിനെതിരെയുള്ള ഇറാന്റെ പ്രകോപനം തുടർന്നാൽ അമേരിക്ക നേരിട്ട് ഇടപെട്ട് ഈ പ്രദേശം തകർക്കുമെന്നാണ് മുന്നറിയിപ്പ്.
ഇതുവരെ കാണാത്ത അത്ര ശക്തിയോടെ അമേരിക്ക തിരിച്ചടിക്കും എന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണം തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (LNG) കയറ്റുമതി പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു.

