ദോഹ: രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തിന് മറുപടിയായി ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി ഖത്തർ. എംബസിയിലെ സൈനിക അറ്റാഷെ, സെക്യൂരിറ്റി അറ്റാഷെ എന്നിവരും രണ്ട് ഓഫീസുകളിലെയും ജീവനക്കാരും 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു.(Qatar expels Iranian diplomats, must leave the country within 24 hours)
ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഖത്തർ ‘പേഴ്സൺ നോൺ ഗ്രാറ്റ’ ആയി പ്രഖ്യാപിച്ചു. അതായത്, ഖത്തറിൽ തുടരാൻ അനുവാദമില്ലാത്ത വ്യക്തികളായി ഇവരെ ഔദ്യോഗികമായി തരംതിരിച്ചു. ബുധനാഴ്ച ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ ഡയറക്ടർ എച്ച്.ഇ. ഇബ്രാഹിം യൂസിഫ് ഫഖ്‌റോയും ഇറാൻ അംബാസഡർ അലി സലേഹബാദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ നിർണ്ണായക തീരുമാനം പുറത്തുവന്നത്.
ഖത്തറിന് നേരെ ഇറാൻ നടത്തുന്ന ശത്രുതാപരമായ സമീപനവും രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്ന നടപടികളുമാണ് ഈ തീരുമാനത്തിന് ആധാരം. ഇറാന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

