ജഗ്തിയാൽ: തെരുവുനായയുടെ ആക്രമണത്തിന് ഇരയായി 15 മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ എട്ടു വയസുകാരൻ മരണത്തിന് കീഴടങ്ങി. തെലങ്കാനയിലെ കൊട്ടിലിംഗ്ല സ്വദേശിയായ മഞ്ചികട്ട്ല മണിതേജയാണ് തിങ്കളാഴ്ച രാത്രി അന്തരിച്ചത്. 2024 ഡിസംബറിൽ വീടിന് പുറത്ത് സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്.(8-yr-old boy succumbs 15 months after brutal stray dog attack)
നായയുടെ കടിയേറ്റ് മണിതേജയുടെ കഴുത്തിലും തോളിലും ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ കൃത്യമായി ചികിത്സ തേടുകയും ആന്റി-റേബീസ് വാക്സിൻ സ്വീകരിക്കുകയും ചെയ്തിരുന്നു. നായ കടിച്ചു 15 മാസം പിന്നിട്ട ഘട്ടത്തിൽ, കഴിഞ്ഞ സംക്രാന്തി അവധിക്കിടെയാണ് മണിതേജ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്. ഇതോടെ കുട്ടിയെ ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നില വഷളായതിനെത്തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏകദേശം 50 ലക്ഷം രൂപയോളം ചെലവഴിച്ച് ദീർഘകാലം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

