ധാക്ക: ഈ വർഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ഐസിസി ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് വിട്ടുനിന്നത് രാജ്യത്തിന് വലിയ തിരിച്ചടിയായെന്ന് കായിക മന്ത്രി അമിനുൽ ഹഖ്. ലോകകപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനം എങ്ങനെയുണ്ടായെന്നും അത് രാജ്യത്തിൻ്റെ കായിക ഭാവിയെ എങ്ങനെ ബാധിച്ചുവെന്നും അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു.(Bangladesh to probe T20 World Cup pullout in fresh inquiry)
ഐപിഎല്ലിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാൻ അപ്രതീക്ഷിതമായി പുറത്തായതിനെത്തുടർന്നാണ് തർക്കങ്ങൾ ആരംഭിച്ചത്. ഇതിൽ പ്രതിഷേധിച്ച് ലോകകപ്പ് വേദികൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഐസിസി തള്ളിയതോടെ ടൂർണമെൻ്റിൽ നിന്ന് വിട്ടുനിൽക്കാൻ ബംഗ്ലാദേശ് തീരുമാനിക്കുകയായിരുന്നു. ബംഗ്ലാദേശിന് പകരക്കാരായി സ്കോട്ട്‌ലൻഡാണ് ലോകകപ്പിൽ കളിച്ചത്.
ഈദ് അവധിക്ക് ശേഷം പ്രവർത്തനം ആരംഭിക്കുന്ന സമിതി 15 പ്രവൃത്തിദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. കായിക നയതന്ത്രത്തിൽ എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് സമിതി പരിശോധിക്കും. കഴിഞ്ഞ വർഷം നടന്ന ക്രിക്കറ്റ് ബോർഡ് തിരഞ്ഞെടുപ്പിലെ അഴിമതിയെക്കുറിച്ചും മന്ത്രാലയം അന്വേഷിക്കുന്നുണ്ട്. മുൻ ക്യാപ്റ്റൻ തമിം ഇഖ്ബാലും ചില ക്ലബ് ഭാരവാഹികളും ചേർന്ന് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതായി പരാതികളുണ്ട്. ബോർഡ് ഭാരവാഹികൾ, സിഇഒ, ജില്ലാ അഡ്മിനിസ്ട്രേറ്റർമാർ എന്നിവരിൽ നിന്ന് സമിതി മൊഴി രേഖപ്പെടുത്തും.

