ടെൽ അവിവ്: പേർഷ്യൻ പുതുവത്സരാഘോഷമായ നൗറൂസിന് മുന്നോടിയായി ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിലെ ഭരണകൂടത്തെ മാറ്റിനിർത്തിക്കൊണ്ട് അവിടുത്തെ സാധാരണ ജനങ്ങളെ ലക്ഷ്യം വെച്ചാണ് നെതന്യാഹുവിന്റെ സന്ദേശം. ഇരുട്ടിനെ വെളിച്ചം കീഴടക്കുമെന്ന ഇറാനിയൻ വിശ്വാസത്തെ പരാമർശിച്ച അദ്ദേഹം, വരാനിരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ വർഷമാകട്ടെ എന്നും ആശംസിച്ചു.(Netanyahu’s Message For Brave People Of Iran)
വീഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. ഇറാനിലെ ധീരരായ ജനങ്ങൾക്ക് പ്രകാശം നിറഞ്ഞതും സന്തോഷകരവുമായ ഒരു കാലം ആശംസിക്കുന്നു. വെളിച്ചം ഇരുട്ടിനെ അതിജീവിക്കുമെന്നും നന്മ തിന്മയെ ജയിക്കുമെന്നുമാണ് നിങ്ങളുടെ വിശ്വാസം. ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രത്യേക അർത്ഥമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇറാൻ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്റെയും പ്രതീക്ഷയുടെയും ഒരു പുതിയ തുടക്കം ആശംസിച്ചു.
ഇറാൻ ഭരണകൂടം ജനങ്ങളെ അടിച്ചമർത്തുകയാണെന്ന പരോക്ഷ സൂചന നൽകിക്കൊണ്ടാണ് ‘സ്വാതന്ത്ര്യത്തിന്റെ വർഷം’ എന്ന് അദ്ദേഹം പ്രയോഗിച്ചത്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രചാരണങ്ങൾ നടന്നിരുന്നു. ഈ അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹം ആരോഗ്യവാനായി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്.

