മുംബൈ: വൈറ്റ് കോളർ ജോലികൾക്ക് പിന്നാലെ പായുന്ന യുവതലമുറയെ അമ്പരപ്പിച്ചുകൊണ്ട് മുംബൈയിൽ നിന്നൊരു പ്ലംബർ. വർഷം 18 ലക്ഷം രൂപ വരുമാനമുണ്ടെന്നും ഹ്യുണ്ടായ് ക്രറ്റ കാറും സ്വന്തമായി കൃഷിഭൂമിയും ഉണ്ടെന്നുമുള്ള പ്ലംബറുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് (Mumbai Plumber 18 Lakh Income). റെഡ്ഡിറ്റിലൂടെ പുറത്തുവന്ന ഈ വിവരങ്ങൾ തങ്ങളുടെ കരിയർ തിരഞ്ഞെടുപ്പുകളെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
മുംബൈയിലെ മിരാ റോഡ്, ബോറിവ്‌ലി, കാന്തിവ്‌ലി തുടങ്ങിയ സ്ഥലങ്ങളിലെ വലിയ ടൗൺഷിപ്പുകളിൽ പ്ലംബിംഗ് കരാറുകൾ ഏറ്റെടുത്താണ് ഇദ്ദേഹം ഇത്രയും വലിയ തുക സമ്പാദിക്കുന്നത്. സൊസൈറ്റിയിലെ പൈപ്പ് അറ്റകുറ്റപ്പണികൾക്കിടയിൽ നടത്തിയ സംസാരത്തിലാണ് പ്ലംബർ തന്റെ വരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 2023 മോഡൽ ഹ്യുണ്ടായ് ക്രറ്റ കാറിന് പുറമെ, നാട്ടിൽ വീടും കൃഷിഭൂമിയും വാങ്ങാൻ ഈ വരുമാനത്തിലൂടെ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
A Plumber in Mumbai is earning ₹18 lpa.
by
u/Imaginary_Bottle_560 in
IndianWorkplace
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതികവിദ്യകൾ പല ഐടി ജോലികളെയും ബാധിക്കുമ്പോഴും പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, കാർപെന്റർമാർ തുടങ്ങിയ ബ്ലൂ കോളർ തൊഴിലാളികൾക്ക് വിപണിയിൽ വലിയ ഡിമാൻഡുണ്ടെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ഒരു മണിക്കൂർ ജോലിക്ക് കുറഞ്ഞത് 500 രൂപയും മറ്റ് അധിക ചാർജുകളും ഈടാക്കുന്നതിലൂടെ വലിയൊരു തുക ഇവർക്ക് സമ്പാദിക്കാൻ കഴിയുന്നുണ്ട്. ഡൽഹിയിൽ എസി മെക്കാനിക്മാർ വേനൽക്കാലത്തെ മൂന്ന് മാസം കൊണ്ട് മാത്രം 3 ലക്ഷം രൂപ വരെ സമ്പാദിക്കാറുണ്ടെന്നും ഇത്തരത്തിലുള്ള വിദഗ്ധ തൊഴിലാളികൾ ഒരിക്കലും തൊഴിലില്ലായ്മ നേരിടേണ്ടി വരില്ലെന്നും കമന്റുകൾ സൂചിപ്പിക്കുന്നു. വിദേശ രാജ്യങ്ങളിൽ ഇത്തരം തൊഴിലുകൾക്ക് ഇതിലും വലിയ വരുമാനമാണ് ലഭിക്കുന്നത്.

