ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് കനത്ത പ്രഹരമേൽപ്പിച്ച് എൻഡിഎ സഖ്യത്തിന് അട്ടിമറി വിജയം. ബിഹാറിലും ഒഡീഷയിലും പ്രതിപക്ഷ എംഎൽഎമാരുടെ കൂറുമാറ്റം എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയം സുഗമമാക്കി. ഹരിയാനയിൽ വോട്ടെണ്ണൽ തർക്കത്തെത്തുടർന്ന് തടസ്സപ്പെട്ടു.(Rajya Sabha elections, NDA wins in Bihar and Odisha)
ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും എൻഡിഎ സ്ഥാനാർത്ഥികൾ അപ്രതീക്ഷിത വിജയം നേടിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, നിതീഷ് കുമാർ എന്നിവരടക്കമുള്ള പ്രമുഖർ വിജയികളിൽ ഉൾപ്പെടുന്നു. മൂന്ന് കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിപ്പ് ലംഘിച്ച് എൻഡിഎയ്ക്ക് വോട്ട് ചെയ്തതാണ് ഭരണസഖ്യത്തിന്റെ സമ്പൂർണ്ണ വിജയത്തിന് വഴിയൊരുക്കിയത്.
തിരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായ ക്രമക്കേടുകൾ നടത്തിയെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. ജനാധിപത്യത്തെ പണം കൊണ്ട് വിലയ്ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒഡീഷയിൽ നടന്ന തിരഞ്ഞെടുപ്പിലും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മികച്ച വിജയം കൈവരിച്ചു. നാല് സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ മൂന്നെണ്ണത്തിലും എൻഡിഎ സ്ഥാനാർത്ഥികൾ വിജയിച്ചു. കോൺഗ്രസ് – ബിജെഡി സഖ്യം സംയുക്തമായി നിർത്തിയ സ്ഥാനാർത്ഥി പരാജയപ്പെട്ടത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായി.

