ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരൻ സാമുദായിക നേതാക്കളെ കാണുന്നു. ഇന്ന് രാവിലെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളി നടേശനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പെരുന്നയിലേക്കും അദ്ദേഹം തിരിക്കും.(G Sudhakaran Meets Vellappally Natesan at his residence)
ആരുടെയും പിന്തുണ തേടില്ലെന്നായിരുന്നു സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച വേളയിൽ ജി. സുധാകരൻ പറഞ്ഞിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പ്രമുഖ സാമുദായിക നേതാക്കളെ നേരിട്ട് കാണാനുള്ള അദ്ദേഹത്തിന്റെ നീക്കം നിർണ്ണായകമാണ്.
കോൺഗ്രസ് പിന്തുണയും അദ്ദേഹത്തിനുണ്ട് എന്നാണ് സൂചന. അമ്പലപ്പുഴയിൽ ജി. സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കാനുള്ള സാധ്യതകൾ ഏറുകയാണ്. അമ്പലപ്പുഴയിൽ ജി. സുധാകരൻ മത്സരിച്ചാലുള്ള വിജയസാധ്യതയെക്കുറിച്ച് ഡൽഹിയിൽ ചേരുന്ന കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ചർച്ച ചെയ്യും. സിറ്റിംഗ് എംഎൽഎ എച്ച്. സലാമിനെ പരാജയപ്പെടുത്താൻ സുധാകരനെ പിന്തുണയ്ക്കുന്നതാണ് നല്ലതെന്ന വികാരം പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനുണ്ട്.

