അബുദാബി: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് മേഖലയെ ആശങ്കയിലാക്കി കൂടുതൽ തീവ്രമാകുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇറാനിയൻ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചു. വിമാനത്താവള പരിസരത്തെ ഇന്ധന ടാങ്കിലാണ് ഡ്രോൺ അവശിഷ്ടം പതിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു.(Fire Near Dubai Airport After Iranian Drone Strike)
ഇന്ധന ടാങ്കിലുണ്ടായ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി യുഎഇ അധികൃതർ വ്യക്തമാക്കി.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ ചർച്ചകൾ സജീവമായി. യുഎഇ പ്രസിഡന്റുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സംസാരിച്ചു. യുഎഇയെയും സഹോദര രാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെ ഇരു നേതാക്കളും അപലപിച്ചു. അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് സൗദിയും യുഎഇയും സംയുക്തമായി ആവശ്യപ്പെട്ടു.
ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി യുഎഇയിലെത്തി വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദുമായി നിർണ്ണായക ചർച്ചകൾ നടത്തി. സൗദി വിദേശകാര്യമന്ത്രി ഖത്തർ പ്രധാനമന്ത്രിയുമായും ബഹറൈൻ വിദേശകാര്യമന്ത്രിയുമായും സ്ഥിതിഗതികൾ സംസാരിച്ചു. ഇറാന്റെ ഭാഗത്തുനിന്നുള്ള കൂടുതൽ ആക്രമണശ്രമങ്ങൾ തടഞ്ഞതായി സൗദി അറേബ്യ അറിയിച്ചു. ഇതുവരെ 56 ബാലിസ്റ്റിക് മിസൈലുകളും 17 ക്രൂസ് മിസൈലുകളും 450 ഡ്രോണുകളുമാണ് സൗദി സൈന്യം വെടിവെച്ചിട്ടത്. അക്രമസംഭവങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾക്കായി സൗദി ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി.

