കെയ്റോ: യുഎസ്-ഇസ്രായേൽ സഖ്യം നടത്തുന്ന സൈനിക നടപടികൾക്കെതിരെ ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളിൽ അയൽരാജ്യങ്ങളെ ലക്ഷ്യമിടരുതെന്ന് ഹമാസ്. തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് മറുപടി നൽകാൻ ഇറാന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ഹമാസ്, എന്നാൽ ഇത് മേഖലയിലെ മറ്റ് അറബ് രാഷ്ട്രങ്ങളെ ബാധിക്കരുതെന്ന് അഭ്യർത്ഥിച്ചു. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഹമാസ് വിഷയത്തിൽ പരസ്യമായ നയതന്ത്ര നിലപാട് വ്യക്തമാക്കുന്നത്.(Hamas urges Iran to halt attacks on Gulf)
അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായി, തങ്ങൾ നേരിട്ട ആക്രമണങ്ങളോട് പ്രതികരിക്കാനുള്ള ഇറാന്റെ അവകാശത്തെ ഹമാസ് പൂർണ്ണമായും പിന്തുണയ്ക്കുന്നു. പലസ്തീൻ പോരാട്ടത്തിന് ഇറാൻ നൽകുന്ന സഹായങ്ങളെ ഹമാസ് നന്ദിയോടെ സ്മരിച്ചു. മേഖലയിലെ സമാധാനവും സ്ഥിരതയും തകരാതിരിക്കാൻ ഇറാൻ ജാഗ്രത പാലിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സംഘടനകളും ലോകരാജ്യങ്ങളും അടിയന്തരമായി ഇടപെടണമെന്ന് പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.

