ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഔദ്യോഗിക പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം പാർലമെന്റിൽ നോട്ടീസ് നൽകി. ലോക്സഭയിലും രാജ്യസഭയിലും വെവ്വേറെ നൽകിയ നോട്ടീസുകളിൽ ഇരുസഭകളിലുമായി 193 എം.പിമാർ ഒപ്പിട്ടിട്ടുണ്ട്.(INDIA bloc MPs submit notice seeking removal of CEC Gyanesh Kumar in Parliament)
ലോക്സഭയിൽ നിന്ന് 130 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 63 അംഗങ്ങളുമാണ് നോട്ടീസിൽ ഒപ്പുവെച്ചിരിക്കുന്നത്. ഗ്യാനേഷ് കുമാറിനെതിരെ ഏഴ് ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പക്ഷപാതപരമായ നിലപാടുകൾ, വിവേചനപരമായ പെരുമാറ്റം, തിരഞ്ഞെടുപ്പ് തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ ബോധപൂർവ്വം തടസ്സപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയവയാണ് പ്രധാന പരാതികൾ.
ഇതാദ്യമായാണ് ഒരു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പാർലമെന്റിലെത്തുന്നത്. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിയെ നീക്കം ചെയ്യുന്നതിനുള്ള സങ്കീർണ്ണമായ നടപടിക്രമങ്ങളാണ് ഇനി പാലിക്കേണ്ടത്. ലോക്സഭാ സ്പീക്കറും രാജ്യസഭാ ചെയർമാനും നോട്ടീസ് സ്വീകരിച്ചാൽ മാത്രമേ തുടർ നടപടികളിലേക്ക് കടക്കാനാകൂ.

