ന്യൂയോർക്ക്: അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള നീക്കത്തിന് അമേരിക്കൻ സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെ, ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള 16 പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആഗോള നികുതി നയങ്ങളിൽ സുപ്രീം കോടതി വരുത്തിയ നിയന്ത്രണങ്ങളെ മറികടക്കാനും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് മേൽ ഉയർന്ന തീരുവ സ്ഥിരമാക്കാനുമാണ് ഈ നീക്കത്തിലൂടെ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.(Trump announces trade investigation against 16 countries including India)
1974-ലെ ട്രേഡ് ആക്റ്റിലെ ‘സെക്ഷൻ 301’ നിയമം ഉപയോഗപ്പെടുത്തി യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീറാണ് അന്വേഷണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിദേശ രാജ്യങ്ങൾ തങ്ങളുടെ ആഭ്യന്തര ആവശ്യത്തേക്കാൾ കൂടുതൽ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുകയും അവ കുറഞ്ഞ വിലയ്ക്ക് അമേരിക്കയിലേക്ക് അയക്കുകയും ചെയ്യുന്നത് യുഎസ് വ്യവസായങ്ങളെ തകർക്കുന്നുവെന്നാണ് ട്രംപിന്റെ വാദം.
വിദേശ രാജ്യങ്ങളിലെ വലിയ വ്യാപാര മിച്ചം, കുറഞ്ഞ വേതന വ്യവസ്ഥ, സർക്കാർ നൽകുന്ന സബ്‌സിഡികൾ എന്നിവ വഴി അമേരിക്കൻ വിപണിയെ സ്വാധീനിക്കുന്നത് അന്വേഷണ വിധേയമാക്കും. ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, വിയറ്റ്‌നാം, തായ്‌വാൻ തുടങ്ങി 16 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. എന്നാൽ കാനഡയെ ഈ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കി. നിലവിൽ സുപ്രീം കോടതി വിധിക്ക് പിന്നാലെ 150 ദിവസത്തേക്ക് താൽക്കാലികമായി 10% അധിക നികുതി ട്രംപ് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ കാലാവധി അവസാനിക്കുന്ന ജൂലൈ മാസത്തിന് മുൻപ് അന്വേഷണം പൂർത്തിയാക്കി, സെക്ഷൻ 301 പ്രകാരം സ്ഥിരമായ ഉയർന്ന ഇറക്കുമതി തീരുവകൾ നടപ്പിലാക്കാനാണ് അമേരിക്കൻ നീക്കം.
നിർമ്മാണ മേഖലയിലെ അന്വേഷണത്തിന് പുറമെ, നിർബന്ധിത തൊഴിൽ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളെക്കുറിച്ചും അമേരിക്ക മറ്റൊരു അന്വേഷണം ആരംഭിക്കുകയാണ്. ഏകദേശം 60 രാജ്യങ്ങളെ ബാധിക്കുന്ന ഈ അന്വേഷണത്തിലൂടെ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി പൂർണ്ണമായും നിരോധിക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നു.

