ന്യൂയോർക്ക്: പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ശക്തമായ പ്രമേയം പാസാക്കി. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും ആഗോള സമാധാനവും മുൻനിർത്തി കൊണ്ടുവന്ന പ്രമേയത്തെ സമിതിയിലെ 15 അംഗങ്ങളിൽ 13 രാജ്യങ്ങളും പിന്തുണച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.(Resolution against Iran at the UN, Russia and China abstain)
ഇറാന്റെ സൈനിക നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും മേഖലയുടെ സുരക്ഷയ്ക്ക് ഇത് വലിയ ഭീഷണിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. 135 രാജ്യങ്ങളുടെ പിന്തുണയോടെ ബഹ്‌റൈനാണ് സുരക്ഷാ സമിതിയിൽ ഈ പ്രമേയം അവതരിപ്പിച്ചത്. ഇറാൻ തങ്ങളുടെ സൈനിക ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണം എന്നതാണ് ആവശ്യം.
ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നിലവിൽ നടത്തുന്ന സൈനിക നടപടികളെക്കുറിച്ച് പ്രമേയത്തിൽ പരാമർശമില്ല എന്നത് ശ്രദ്ധേയമാണ്. മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ എല്ലാ രാജ്യങ്ങളും ഒരുപോലെ ബാധ്യസ്ഥരാണെന്ന് കാണിച്ച് റഷ്യ ഒരു ബദൽ പ്രമേയം അവതരിപ്പിച്ചുവെങ്കിലും അത് പരാജയപ്പെട്ടു. സൈനിക നടപടികൾ പൂർണ്ണമായും നിർത്തണമെന്ന് ആവശ്യപ്പെടുന്ന പൊതുസ്വഭാവമുള്ളതായിരുന്നു റഷ്യയുടെ പ്രമേയം.
ഇതിനെ 4 രാജ്യങ്ങൾ അനുകൂലിച്ചു, 2 രാജ്യങ്ങൾ എതിർത്തു, 9 രാജ്യങ്ങൾ വിട്ടുനിന്നു. യുഎൻ സുരക്ഷാ സമിതി പാസാക്കിയ പ്രമേയം പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ഇറാൻ പ്രതികരിച്ചു. ഏകപക്ഷീയമായ ഇത്തരം നീക്കങ്ങൾ മേഖലയിലെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കില്ലെന്നും ഇറാന്റെ പ്രതിനിധി യുഎന്നിൽ വ്യക്തമാക്കി.

