ന്യൂഡൽഹി: ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പരാമർശിക്കുന്ന എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠഭാഗം തയ്യാറാക്കിയ വിദഗ്ധർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി. പാഠഭാഗം തയ്യാറാക്കിയ പ്രൊഫസർ മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ എന്നിവരെ കരിക്കുലം സമിതിയിൽ നിന്ന് വിലക്കി. ഇവരെ പാഠപുസ്തക നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും അടിയന്തരമായി മാറ്റിനിർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദ്ദേശം നൽകി.(NCERT book controversy, Supreme Court bans those who prepared the syllabus from the curriculum committee)
ഈ വിഷയവുമായി ബന്ധപ്പെട്ട് നിരുത്തരവാദപരമായ ഉള്ളടക്കം പ്രചരിപ്പിച്ച വെബ്‌സൈറ്റുകൾക്കും വ്യക്തികൾക്കുമെതിരെ നടപടിയെടുക്കാൻ കോടതി ഉത്തരവിട്ടു. ഇത്തരം വ്യക്തികളുടെ പൂർണ്ണരൂപം കോടതിയിൽ സമർപ്പിക്കണം. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനായി ഒരു മുൻ ജഡ്ജി, നിയമ വിദഗ്ധൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നിവരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചു.
പുതിയ സമിതിയുടെ കൃത്യമായ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം മാത്രമേ പരിഷ്കരിച്ച അധ്യായങ്ങൾ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ എന്ന് കോടതി വ്യക്തമാക്കി. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ജുഡീഷ്യറിക്കെതിരെ നടക്കുന്ന നിരുത്തരവാദപരമായ പ്രചാരണങ്ങളിൽ കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി.

