വാഷിംഗ്ടൺ/ടെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടയാൻ ശ്രമിച്ചാൽ ഇരുപത് മടങ്ങ് ശക്തമായ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ തള്ളി ഇറാൻ (Iran vs USA). ട്രംപിന്റെ പ്രസ്താവനകൾ വെറും പൊള്ളയാണെന്നും ഇറാനിയൻ ജനത ഇത്തരം ഭീഷണികളെ ഭയപ്പെടേണ്ടതില്ലെന്നും ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമാണ്. ഇതിനിടെയാണ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ (Truth Social) പ്ലാറ്റ്‌ഫോമിലൂടെ ട്രംപ് ഇറാനെതിരെ ആഞ്ഞടിച്ചത്. ആക്രമണം നടത്തിയാൽ പിന്നീട് പുനർനിർമ്മിക്കാൻ പോലും കഴിയാത്ത വിധം ഇറാൻ തകർന്നുപോകുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
ട്രംപിന്റെ എക്സ് (X) പോസ്റ്റിന് മറുപടിയായി ലാരിജാനി കുറിച്ചത് ഇങ്ങനെയാണ്: “ഇറാനെ തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ നിങ്ങൾ സ്വയം തകരാതെ നോക്കിയാൽ നന്ന്.” ഇതിലും വലിയ ഭീഷണികൾ നേരിട്ട ചരിത്രമാണ് ഇറാന്റേതെന്നും രാജ്യത്തെ തകർക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ , ഭീഷണി മുഴക്കുമ്പോഴും ഇറാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന സൂചനയും ട്രംപ് നൽകുന്നുണ്ട്. ഇറാൻ ചില നിശ്ചിത വ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ ചർച്ചയാകാമെന്നാണ് ട്രംപിന്റെ നിലപാട്. എന്നാൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിയോടുള്ള തന്റെ വിയോജിപ്പ് അദ്ദേഹം പരസ്യമാക്കി. ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.
Story Summary:
Iran’s Security Council Secretary Ali Larijani dismissed US President Donald Trump’s threats of a “20 times harder” attack as empty words. While Trump warned of total destruction if Iran blocks the Strait of Hormuz, Larijani retorted by advising Trump to ensure the US doesn’t collapse while trying to destroy Iran. Meanwhile, Trump hinted at potential talks if Iran adheres to specific conditions.

