മുംബൈ: ടി20 ലോകകപ്പ് കിരീടം നിലനിർത്തി ചരിത്രം കുറിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐ 131 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചു. തുടർച്ചയായ രണ്ടാം തവണയും ലോകകിരീടം ചൂടിയ ടീം ഇന്ത്യയുടെ നേട്ടം പരിഗണിച്ചാണ് ഈ വൻ തുക പ്രഖ്യാപിച്ചത്. 2024-ൽ കിരീടം നേടിയപ്പോൾ നൽകിയ 125 കോടി രൂപയേക്കാൾ 6 കോടി രൂപയുടെ വർധനവാണ് ഇത്തവണ വരുത്തിയത്.(BCCI Announces Bumper Reward For T20 World Cup Winners)
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്താണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ കിരീടം നിലനിർത്തിയത്. ഇന്ത്യ 255/5 (20 ഓവർ), ന്യൂസിലൻഡ് 159 (19 ഓവർ) എന്നിങ്ങനെയാണ് സ്‌കോർ. ഫൈനലിൽ 46 പന്തിൽ 89 റൺസ് അടിച്ചുകൂട്ടിയ സഞ്ജു സാംസൺ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനലിൽ 15 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് ഫൈനലിലെ താരം.
ടി20 ലോകകപ്പ് മൂന്ന് തവണ (2007, 2024, 2026) നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ടി20 ലോകകപ്പ് ചരിത്രത്തിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം കിരീടം നേടുന്ന അപൂർവ്വ നേട്ടത്തിനും അഹമ്മദാബാദ് സാക്ഷ്യം വഹിച്ചു. ഐസിസി നൽകുന്ന സമ്മാനത്തുകയ്ക്ക് പുറമെയാണ് ബിസിസിഐയുടെ ഈ പ്രത്യേക പാരിതോഷികം. സഞ്ജു സാംസൺ, ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗും ബുംറയുടെ നേതൃത്വത്തിലുള്ള ബൗളിംഗ് പ്രകടനവുമാണ് ഇന്ത്യയെ ഈ അവിസ്മരണീയ വിജയത്തിലേക്ക് നയിച്ചത്.

