വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരത്തിന് തടസ്സം സൃഷ്ടിച്ചാൽ പ്രദേശം അമേരിക്കൻ സൈന്യം നേരിട്ട് പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഇറാന്റെ പുതിയ പരമാധികാരിയായി ആയത്തുള്ള ഖമേനിയുടെ മകൻ മൊജ്തബ ഖമേനി ചുമതലയേറ്റതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിലാണ് ട്രംപിന്റെ കടുത്ത നിലപാട്. 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ എണ്ണവില.(Iran closes the Strait of Hormuz on one side, Trump says he will seize the Strait on the other)
ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. എന്നാൽ ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷം ശക്തമായതോടെ ഇതുവഴിയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച നിലയിലാണ്. കണക്കുകൾ പ്രകാരം, ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ ഏഴ് കപ്പൽ ജീവനക്കാർ ഇതിനകം കൊല്ലപ്പെടുകയും നിരവധി ചരക്ക് കപ്പലുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ കടലിടുക്ക് തുറന്നതാണെന്നും കപ്പലുകൾ പ്രവേശിച്ചു തുടങ്ങിയെന്നും ട്രംപ് അവകാശപ്പെട്ടു. ഇനിയൊരു പ്രകോപനമുണ്ടായാൽ അത് ഇറാന്റെ സമ്പൂർണ്ണ തകർച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കൻ ഭീഷണികൾക്കിടയിലും കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. മേഖലയിലെ അമേരിക്കൻ നീക്കങ്ങളെ ചെറുക്കുമെന്നും എണ്ണ വിതരണം തടയുന്നത് തുടരുമെന്നും ടെഹ്‌റാൻ വ്യക്തമാക്കി.

