സിഡ്നി: ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ ടീം ഹോട്ടലിൽ നിന്നും മാറിയ അഞ്ച് ഇറാൻ വനിതാ ദേശീയ ടീം അംഗങ്ങൾക്ക് ഓസ്‌ട്രേലിയ അഭയം നൽകി. ഓസ്‌ട്രേലിയൻ മന്ത്രി ടോണി ബർക്ക് ആണ് ഈ വിവരം ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്. താരങ്ങളെ തിരിച്ചയക്കരുതെന്നും അവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ ഫോണിൽ വിളിച്ചിരുന്നു.(Australia granted asylum to Iranian women’s soccer players)
ടൂർണമെന്റിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചപ്പോൾ മൗനം പാലിച്ചതാണ് താരങ്ങളെ പ്രതിസന്ധിയിലാക്കിയത്. ദക്ഷിണ കൊറിയയുമായുള്ള മത്സരത്തിന് മുൻപ് ഇറാൻ ദേശീയ ഗാനം മുഴങ്ങിയപ്പോൾ താരങ്ങൾ അത് പാടാൻ തയ്യാറായിരുന്നില്ല. താരങ്ങളുടെ ഈ നടപടി രാജ്യദ്രോഹമാണെന്ന് ആരോപിച്ചു.
നാട്ടിൽ തിരിച്ചെത്തിയാൽ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന ഭയത്താലാണ് താരങ്ങൾ ഹോട്ടലിൽ നിന്നും മാറിയതും അഭയം തേടിയതും. ഓസ്‌ട്രേലിയ താരങ്ങൾക്ക് അഭയം നൽകാൻ തയ്യാറല്ലെങ്കിൽ അവരെ സ്വീകരിക്കാൻ അമേരിക്ക സന്നദ്ധമാണെന്ന് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനമുണ്ടായത്.

