ചെന്നൈ: പല്ലാവരം ത്രിശൂലത്തിൽ എട്ടുപേരടങ്ങുന്ന ഗുണ്ടാസംഘം നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മുടിച്ചൂർ സ്വദേശി അറുമുഖവും പതിനേഴുകാരനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഇവർ താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.(Double murder, 2 people hacked to death in Chennai)
നാല് ബൈക്കുകളിലായെത്തിയ എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയത്. വീടിനുള്ളിൽ കടന്ന അക്രമികൾ വടിവാളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് അറുമുഖത്തെയും കൂടെയുണ്ടായിരുന്ന കൗമാരക്കാരനെയും ആക്രമിച്ചു.
കൊല്ലപ്പെട്ട അറുമുഖം നിരവധി കൊലക്കേസുകളിലും മയക്കുമരുന്ന് കടത്ത് കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ക്രിമിനൽ റെക്കോർഡുകളുണ്ട്. തർക്കമോ മുൻവൈരാഗ്യമോ ആകാം കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

