ന്യൂഡൽഹി: പാർലമെന്റിന്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് കൊടിയേറുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് ലോക്‌സഭാ സ്പീക്കർ ഓം ബിർലയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവരുന്ന ചരിത്രപരമായ പ്രമേയത്തിലേക്കാണ്. 118 പ്രതിപക്ഷ എംപിമാർ ഒപ്പിട്ട പ്രമേയം സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ ചർച്ചയ്ക്കെടുക്കും.(The second phase of the Budget Session of Parliament, Resolution to remove the Speaker in the Lok Sabha today)
പ്രമേയത്തിന്മേൽ പത്ത് മണിക്കൂർ നീളുന്ന സുദീർഘമായ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ചർച്ചയ്ക്ക് ശേഷം പ്രമേയം വോട്ടിനിടും. ചർച്ച നടക്കുമ്പോൾ ഓം ബിർല സ്പീക്കറുടെ കസേരയിൽ ഇരിക്കില്ല. പകരം ഭരണപക്ഷ അംഗങ്ങൾക്കൊപ്പം സാധാരണ എംപിയായി സഭാ നടപടികളിൽ പങ്കെടുക്കും. നിർണ്ണായകമായ ഈ ചർച്ചയിൽ പങ്കെടുക്കാൻ എല്ലാ എംപിമാർക്കും കോൺഗ്രസ് വിപ്പ് നൽകിയിട്ടുണ്ട്.
സ്പീക്കർ ഓം ബിർല പക്ഷപാതപരമായി പെരുമാറുന്നു എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന പരാതി. പ്രതിപക്ഷ നേതാവിനെ പോലും സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പ്രമേയം വിജയിക്കാൻ സാധ്യത കുറവാണെങ്കിലും, സ്പീക്കറുടെ നടപടികളെ പരസ്യമായി വിചാരണ ചെയ്യാനും ജനമധ്യത്തിൽ തുറന്നുകാട്ടാനും ഈ ചർച്ചയിലൂടെ സാധിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ.
ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ അപൂർവ്വമായാണ് സ്പീക്കറെ നീക്കാനുള്ള പ്രമേയങ്ങൾ ചർച്ചയ്ക്കെടുക്കുന്നത്. ഇതിനുമുമ്പ് 1987-ൽ അന്നത്തെ സ്പീക്കർ ബൽറാം ജാക്കറിനെതിരെയാണ് ഇത്തരമൊരു പ്രമേയം ചർച്ച ചെയ്തത്. അന്നും പ്രമേയം പരാജയപ്പെട്ടെങ്കിലും വിഷയം വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു. സ്പീക്കർക്കെതിരായ പ്രമേയത്തിന് പുറമെ സഭയിൽ മറ്റ് പല വിഷയങ്ങളിലും ഇന്ന് പ്രതിഷേധം ഇരമ്പാൻ സാധ്യതയുണ്ട്.

