ആലപ്പുഴ: പെരുമ്പളത്തെ കരയുമായി ബന്ധിപ്പിക്കുന്ന സ്വപ്നപാലം യാഥാർഥ്യമായി. കിഫ്ബിയിൽ നിന്ന് 100 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പെരുമ്പളം പാലം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ജില്ലയുടെ മറ്റൊരു അഭിമാന പദ്ധതിയായ ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.(The stunning Perumbalam Bridge to be inaugurated by Chief Minister today)
കായലിന് കുറുകെ ഒരു കിലോമീറ്ററിലേറെ നീളത്തിൽ നിർമ്മിച്ച ഈ പാലം സംസ്ഥാനത്തെ തന്നെ ഏറ്റവും നീളമേറിയ പാലങ്ങളിൽ ഒന്നാണ്. ആലപ്പുഴ ജില്ലയിലാണെങ്കിലും എറണാകുളം, കോട്ടയം ജില്ലകളുമായി അതിർത്തി പങ്കിടുന്ന സവിശേഷമായ ഭൂപ്രകൃതിയാണ് പെരുമ്പളം ദ്വീപിന്റേത്.
ആറര കിലോമീറ്റർ നീളവും രണ്ട് കിലോമീറ്റർ വീതിയുമുള്ള ഈ ദ്വീപിൽ 14 വാർഡുകളിലായി 12,000-ത്തോളം ജനങ്ങൾ വസിക്കുന്നു. മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും കർഷകരും തിങ്ങിപ്പാർക്കുന്ന പെരുമ്പളം നിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ഇതുവരെ വള്ളങ്ങളും ബോട്ടുകളും മാത്രമായിരുന്നു ആശ്രയം. അടിയന്തര സാഹചര്യങ്ങളിൽ പോലും കരയിലെത്താൻ നേരിട്ടിരുന്ന ദുരിതങ്ങൾക്കാണ് ഈ പാലം വരുന്നതോടെ അറുതിയാകുന്നത്. ദ്വീപിന്റെ സാമ്പത്തിക, ടൂറിസം മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പുതിയ പാലം സഹായിക്കും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.

