ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അസാധാരണമായ സാഹചര്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മേഖലയിലെ സംഘർഷങ്ങൾ ലോകത്തിന്റെ സാമ്പത്തിക-വ്യാപാര മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘സാഗർ സങ്കൽപ്’ എന്ന പേരിൽ സംഘടിപ്പിച്ച സമുദ്ര സുരക്ഷാ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Disruption In Region Directly Impacts Supply Of Oil And Gas, Rajnath Singh On West Asia Conflict)
പശ്ചിമേഷ്യയിലോ ഇന്ത്യയുടെ അയൽപക്കത്തോ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ സമുദ്രങ്ങളെ വ്യാപാരത്തിനുള്ള വഴി മാത്രമായാണ് കണ്ടിരുന്നത്. എന്നാൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സമുദ്രങ്ങൾ നയതന്ത്രപരമായ ശക്തികേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
പശ്ചിമേഷ്യയിലെ അസ്ഥിരത ആഗോള വ്യാപാര ശൃംഖലയെ ബാധിക്കും. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ബന്ധങ്ങളിലും സൈനിക നയങ്ങളിലും സമുദ്ര സുരക്ഷയ്ക്ക് നൽകേണ്ട പ്രാധാന്യം ഒന്നുകൂടി വർദ്ധിച്ചിരിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

