ന്യൂഡൽഹി: അമേരിക്കൻ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പലായ ‘ഐറിസ് ദേന’ തകർന്ന സംഭവം ഇന്ത്യ ഉന്നതതലത്തിൽ വിലയിരുത്തും. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുമായി സംസാരിച്ചുവെന്നാണ് റിപ്പോർട്ട്.(IRIS Dena attack, India to assess at the highest level)
ശ്രീലങ്കൻ തീരത്താണ് അപകടം ഉണ്ടായത്. മാർച്ച് 4-ന് പുലർച്ചെയാണ് കൊളംബോയിൽ നിന്ന് ഐറിസ് ദേനയുടെ അപായ സന്ദേശം ലഭിക്കുന്നത്. ശ്രീലങ്കൻ നാവികസേനയാണ് വിവരം കൈമാറിയത്. വിവരം ലഭിച്ച ഉടൻ തന്നെ പട്രോളിംഗ് ഹെലികോപ്റ്ററുകൾ സംഭവസ്ഥലത്തേക്ക് അയച്ചു. രക്ഷാബോട്ടുകൾ അടങ്ങിയ മറ്റൊരു ഹെലികോപ്റ്ററും സജ്ജമാക്കിയിരുന്നു.
മാർച്ച് 4-ന് വൈകീട്ടോടെ ഐഎൻഎസ് തരംഗിണി തിരച്ചിൽ മേഖലയിലെത്തി. മാനുഷിക പരിഗണന മുൻനിർത്തി കൊച്ചിയിൽ നിന്ന് ഐഎൻഎസ് ഇക്ഷാക് എന്ന കപ്പലും പരിശോധനയ്ക്കായി അയച്ചു. നിലവിൽ ശ്രീലങ്കൻ നാവികസേനയുമായി ചേർന്ന് തിരച്ചിൽ തുടരുകയാണ്.
സംഭവം ഇന്ത്യൻ പാർലമെന്റിലും ചർച്ചയായേക്കും. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.
അതിനിടെ, പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് യുഎഇയിൽ കുടുങ്ങിക്കിടന്ന 7,000 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. പ്രത്യേക വിമാനങ്ങൾ വഴിയാണ് ഇവരെ തിരിച്ചെത്തിച്ചത്.

