ന്യൂഡൽഹി: അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണത്തിൽ തകർന്ന ഇറാനിയൻ യുദ്ധക്കപ്പൽ ഐ ആർ ഐ എസ് ദേനയ്ക്ക് സഹായവുമായി ഇന്ത്യൻ നാവികസേന രംഗത്ത്. മാർച്ച് 4-ന് പുലർച്ചെ ശ്രീലങ്കൻ തീരത്തിന് സമീപം അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.(Indian Navy extends helping hand to Iranian ship IRIS Dena, Rescue mission begins)
മാർച്ച് 4-ന് പുലർച്ചെ കൊളംബോയിലെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിൽ ലഭിച്ച ദുരന്ത സന്ദേശത്തെത്തുടർന്നാണ് ദൗത്യം ആരംഭിച്ചത്. ശ്രീലങ്കയുടെ രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഇന്ത്യൻ നാവികസേനയുടെ ദീർഘദൂര സമുദ്ര പട്രോളിംഗ് വിമാനം ഉടൻ വിന്യസിച്ചു. ലൈഫ് റാഫ്റ്റുകൾ ഘടിപ്പിച്ച മറ്റൊരു വിമാനവും സജ്ജമാണ്.
പരിശീലന കപ്പലായ ഐഎൻഎസ് തരംഗിണി ഇതിനകം സംഭവസ്ഥലത്തെത്തി. കൂടാതെ, കൊച്ചിയിൽ നിന്ന് സർവേ കപ്പലായ ഐഎൻഎസ് ഇക്ഷാക് തിരച്ചിൽ ശക്തിപ്പെടുത്താനായി പുറപ്പെട്ടു. വിശാഖപട്ടണത്ത് നടന്ന സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു ഐ ആർ ഐ എസ് ദേന. ഗാലെയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ വെച്ച് യുഎസ് അന്തർവാഹിനിയിൽ നിന്നുള്ള ടോർപ്പിഡോ ആക്രമണത്തിലാണ് കപ്പൽ തകർന്നത്. ഏകദേശം 130 നാവികർ കപ്പലിലുണ്ടായിരുന്നുവെന്നാണ് വിവരം. ശ്രീലങ്കൻ കപ്പലുകൾ എത്തുമ്പോഴേക്കും യുദ്ധക്കപ്പൽ മുങ്ങിത്തുടങ്ങിയിരുന്നു.

