ടെഹ്‌റാൻ: തങ്ങളുടെ യുദ്ധക്കപ്പൽ തകർത്ത അമേരിക്കൻ നടപടിക്ക് മറുപടിയായി വടക്കൻ പേർഷ്യൻ ഗൾഫിൽ യുഎസ് എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ സായുധ സേനയായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. വ്യാഴാഴ്ച രാവിലെ നടന്ന വ്യോമാക്രമണത്തിൽ അമേരിക്കൻ കപ്പലിന് തീപിടിച്ചതായും ഐആർജിസി അറിയിച്ചു.(Iran claims to have attacked US oil tanker, American ship catches fire
അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് ഐആർജിസി വ്യക്തമാക്കി. അമേരിക്ക, ഇസ്രായേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുടെ പതാകയുള്ള സൈനിക-വാണിജ്യ കപ്പലുകളെ മേഖലയിലൂടെ കടന്നുപോകാൻ അനുവദിക്കില്ല.
ഈ രാജ്യങ്ങളുടെ എല്ലാ കപ്പലുകളും തങ്ങളുടെ നിരീക്ഷണത്തിലാണെന്നും ഇനിയും ആക്രമണങ്ങൾ തുടരുമെന്നും ന്യൂസ് ഏജൻസിയോട് ഐആർജിസി പ്രതികരിച്ചു. ശ്രീലങ്കൻ പുറംകടലിൽ വെച്ച് ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പലായ ഐആർഐഎസ് ദെനയെ അമേരിക്കൻ അന്തർവാഹിനി ടോർപ്പിഡോ ഉപയോഗിച്ച് തകർത്തതിന് പിന്നാലെയാണ് ഈ പ്രത്യാക്രമണം. ദെനയിലുണ്ടായിരുന്ന 87 നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്ക അത്യധികം ഖേദിക്കേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

