ന്യൂയോർക്ക്: ഇറാനെതിരായ സൈനിക നീക്കങ്ങൾക്കിടയിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലും അമേരിക്കയ്ക്ക് തിരിച്ചടി. സുരക്ഷാ സമിതിയുടെ പ്രതിമാസ അധ്യക്ഷ സ്ഥാനം അമേരിക്ക ഏറ്റെടുക്കുന്നതിനെതിരെ റഷ്യയും ചൈനയും രംഗത്തെത്തി. മാർച്ചിലെ പ്രവർത്തനങ്ങൾക്കായി യുഎസ് തയ്യാറാക്കിയ ‘വർക്കിംഗ് പേപ്പർ’ അംഗീകരിക്കാൻ ഇരുരാജ്യങ്ങളും വിസമ്മതിച്ചു.(Russia and China reject US-prepared working document in UNSC)
15 രാജ്യങ്ങളുള്ള സുരക്ഷാ സമിതിയുടെ അധ്യക്ഷ പദവി ഓരോ മാസവും മാറിവരുന്ന രീതി അനുസരിച്ച് മാർച്ചിൽ അമേരിക്കയ്ക്കാണ് ചുമതല. എന്നാൽ പ്രവർത്തന രേഖയിൽ ഇറാനെതിരായ ഉപരോധ സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരണം ഉൾപ്പെടുത്തിയതാണ് റഷ്യയെയും ചൈനയെയും പ്രകോപിപ്പിച്ചത്. ഇറാൻ വിരുദ്ധ നീക്കങ്ങൾ പ്രവർത്തന പരിപാടിയിൽ ഉൾപ്പെടുത്തരുതെന്ന് ഫെബ്രുവരിയിൽ തന്നെ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അവഗണിച്ച സാഹചര്യത്തിലാണ് വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും യുഎസ് നിർദ്ദേശത്തെ എതിർത്തത്.
എതിർപ്പ് ശക്തമായതോടെ മാർച്ച് മൂന്നിന് നടത്താനിരുന്ന യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്സിന്റെ പത്രസമ്മേളനം റദ്ദാക്കി. തർക്കങ്ങൾക്കിടയിലും മാർച്ച് രണ്ടിന് ‘അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനം’ എന്ന വിഷയത്തിൽ നടന്ന യോഗം ശ്രദ്ധേയമായി. യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഒരു ലോക നേതാവിന്റെ ഭാര്യ യുഎൻ സുരക്ഷാ സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ‘സംഘർഷത്തിലെ കുട്ടികൾ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം’ എന്ന വിഷയത്തിലായിരുന്നു ചർച്ച. ഊർജ്ജം, സുരക്ഷ, നിർണ്ണായക ധാതുക്കൾ എന്നിവ സംബന്ധിച്ച രണ്ടാമതൊരു കാര്യപരിപാടിയും യുഎസ് അവതരിപ്പിച്ചിട്ടുണ്ട്.
ഇറാനെതിരായ സൈനിക നീക്കത്തിന് യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളുടെ പിന്തുണയുണ്ടെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും, റഷ്യയുടെയും ചൈനയുടെയും കടുത്ത എതിർപ്പ് യുഎന്നിൽ അമേരിക്കയെ പ്രതിരോധത്തിലാക്കുകയാണ്.

